കൗണ്‍സില്‍ യോഗത്തില്‍ ബഹളം
കോട്ടയം: നഗരസഭക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 2.36 കോടിയുടെ ഗ്രാന്റ് നഷ്ടമായതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഗ്രാന്റ് നഷ്ടത്തിന് ഉത്തരവാദികളായ രണ്ട് ജീവനക്കാരെ സസ്പന്റ് ചെയ്തിരുന്നു.
സസ്‌പെന്‍ഷന്‍ രാഷ്ട്രീയ താല്പര്യങ്ങളനുസരിച്ചാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ അലംഭാവം കാട്ടിയ വരെയാണ് സസ്‌പെന്റു ചെയ്തതെന്ന നിലപാടിലായിരുന്നു ഭരണപക്ഷം.
സര്‍ക്കാര്‍ ഗഡുക്കളായി നല്‍കിയ തുക സാമ്പത്തിക വര്‍ഷാവസാനം വരെ ഫയലില്‍വച്ചു താമസിപ്പിച്ചതു മൂലമാണ് നഗരസഭ അക്കൗണ്ടിലെത്താതിരുന്നത്.
ജീവനക്കാരുടെ ശമ്പളം നല്‍കാനും പൊതുവികസനത്തിനുമായി ഉപയോഗിക്കേണ്ട തുക ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ലാപ്‌സായതിനെ തുടര്‍ന്ന് രണ്ടു ജീവനക്കാരെ സസപെന്റ് ചെയ്തിരുന്നു.
ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടായിരുന്നിട്ടും ഇടതുപക്ഷ യൂനിയനില്‍പെട്ട രണ്ടുപേരെ മാത്രം രാഷ്ട്രീയം നോക്കി സസ്‌പെന്റ് ചെയ്യുകയായിരുന്നുവെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപണമുന്നയിച്ചതോടെയാണ് വാക്കേറ്റത്തിന് കാരണമായത്.
എന്നാല്‍ ഫയല്‍ നടപടിയെടുക്കാതെ കൈവശം വച്ച ജീവനക്കാരെയാണ് സസ്‌പെന്റ് ചെയ്തതെന്ന് ഭരണപക്ഷം വ്യക്തമാക്കി.
ജിവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പി.എന്‍ സരസമ്മാള്‍, ജാന്‍സി ജേക്കബ്, റ്റി.സി റോയി, എം.പി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."