കൊടുവള്ളി, തിരുവമ്പാടി മണ്ഡലം കമ്മിറ്റികള്‍ മുസ്‌ലിംലീഗ് പുനഃസംഘടിപ്പിക്കും
സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് മുസ്‌ലിംലീഗിന്റെ കൊടുവള്ളി, തിരുവമ്പാടി മണ്ഡലം കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനം. പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളിലെ തോല്‍വി സംബന്ധിച്ച് അന്വേഷണം നടത്തിയ കെ.എന്‍.എ ഖാദര്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയുടെ നടപടി. ഇരു മണ്ഡലങ്ങളിലേയും പഞ്ചായത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിക്കും.
ജില്ലാ കമ്മിറ്റിക്കാണ് പുനഃസംഘടനയുടെ ചുമതലയെന്ന് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കര്‍മപദ്ധതി തയാറാക്കാനായി ഇ.ടി മുഹമ്മദ് ബഷീര്‍ ചെയര്‍മാനായ ഒന്‍പതംഗ സമിതിയെ ചുമതലപ്പെടുത്തി. കെ. കുട്ടി അഹമ്മദ് കുട്ടി, കെ.എന്‍.എ ഖാദര്‍, ടി.എ അഹമ്മദ് കബീര്‍, കെ.എം ഷാജി, പി.എം.എ സലാം, സി. മമ്മൂട്ടി, പി.എം സാദിഖലി, പി.കെ ഫിറോസ് എന്നിവരാണ് സമിതി അംഗങ്ങള്‍.
പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതിന്റെ മേല്‍നോട്ടം വഹിക്കാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ സമിതിയേയും ചുമതലപ്പെടുത്തി. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, പി.വി അബ്ദുല്‍വഹാബ് എന്നിവരാണ് സമിതി അംഗങ്ങള്‍.
പാര്‍ട്ടിയുടെ സിറ്റിങ് മണ്ഡലങ്ങളിലെ തോല്‍വിയെ കുറിച്ചാണ് രണ്ടുദിവസത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തത്. പല മണ്ഡലങ്ങളിലും പല ഘടകങ്ങളാണ് തോല്‍വിക്ക് കാരണമായത്. സംഘടനാപരമായ പോരായ്മകളും കാരണമായി. ഇതു കണക്കിലെടുത്താണ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നത്. സിറ്റിങ് എം.എല്‍.എ പരാജയപ്പെട്ടതിനെ തുടര്‍ന്ന് താനൂര്‍ മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സംഘടനാപരമായ തിരുത്തല്‍ നടപടിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗുരുവായൂര്‍ മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പള്ളി തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചോദ്യത്തിന് മറുപടിയായി ഇ.ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."