കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാല്‍ മത്സരിക്കില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയില്‍ കേരളത്തിലെ പ്രധാന നേതാക്കളില്ല.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.ഐ.സി.സിയുടെ സംഘനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും മൂവരും മത്സരിക്കുന്നില്ലെന്ന കാര്യത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ധാരണയായി. എ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉമ്മന്‍ചാണ്ടിയെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഡല്‍ഹിയിലേക്ക് പറഞ്ഞയക്കാനാണ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നടത്തുന്ന നീക്കത്തിന് എ ഗ്രൂപ്പ് നേരത്തെതന്നെ തടയിട്ടു. എങ്കിലും അവസാന നിമിഷം വരെ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചത് മുതല്‍തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിന് താല്‍പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. പക്ഷേ ഉമ്മന്‍ചാണ്ടി മത്സരിക്കുന്നത് മറ്റെല്ലാ മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന പ്രചാരണമാണ് ഐ ഗ്രൂപ്പ് നടത്തിയത്. എന്നിട്ടും ഇതിനു വഴങ്ങാതെ മത്സരരംഗത്തേക്കില്ലെന്ന നിലപാടെടുത്തതോടെ ഐ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
കെ.പി.സി.സി പ്രസിഡന്റായതിനാല്‍ മത്സരരംഗത്തേക്കില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. പക്ഷേ തെരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യവും വടകരയില്‍ നിന്ന് വിജയിക്കാന്‍ സാധ്യതയുള്ളയാളുമെന്ന നിലയില്‍ മുല്ലപ്പള്ളി മത്സരിക്കണമെന്നാണ് കേരളത്തിലെ നേതാക്കള്‍ പറഞ്ഞത്.
സംഘടനയുടെ തലപ്പത്തിരിക്കുന്നതിനാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചുനിന്നതോടെ അക്കാര്യത്തിലും മറിച്ചൊരു തീരുമാനമുണ്ടായില്ല. സംഘടനാപരമായി ലഭിച്ചിരിക്കുന്ന ഉന്നത ചുമതല എം.പി സ്ഥാനാര്‍ഥിയായി നഷ്ടപ്പെടുത്തേണ്ടതില്ലെന്ന വേണുഗോപാലിന്റെ ചിന്തയാണ് മത്സരിക്കാന്‍ സമ്മര്‍ദമുണ്ടായിട്ടും പിന്തിരിയാന്‍ കാരണമായത്.
ആലപ്പുഴയില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ വേണുഗോപാല്‍, മറ്റേതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു.
ഇതിലൂടെ വേണുഗോപാല്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്ന തരത്തില്‍ ചര്‍ച്ചകളുണ്ടായെങ്കിലും നടന്നില്ല. ഇതോടെ കേരളത്തില്‍ മത്സരരംഗത്തുണ്ടാകുമെന്ന് തുടക്കംമുതല്‍ പറഞ്ഞിരുന്ന പ്രധാന നേതാക്കളൊന്നും സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."