'കേന്ദ്രത്തില്‍ രാഹുലിന് ശക്തി പകരാന്‍'- പൊന്നാനിയില്‍ ഇടതു സ്വതന്ത്രന് അന്‍വറിന്റെ വോട്ടുപിടിത്തം
പൊന്നാനി: പൊന്നാനിയില്‍ തെളിയാന്‍ പതിനെട്ടാമത്തെ അടവ് പുറത്തെടുത്തിരിക്കുകയാണ് ഇടത് സ്വതന്ത്രന് പി.വി അന്‍വര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കരുത്തു പകരാന്‍ വോട്ടു നല്‍കൂ എന്നു പറഞ്ഞാണ് പി.വി അന്‍വറിന്റെ വോട്ടു പിടിത്തം.
മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പക്ഷെ ഇടതുപക്ഷം ജയിക്കണമെന്നാണ് അന്‍വര്‍ പറയുന്നത്. ഇടതുപക്ഷം പിന്തുണക്കുന്ന സര്‍ക്കാര്‍ ആയിരിക്കും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുക എന്നും അന്‍വര്‍ പറയുന്നു. എന്നാല്‍ അന്‍വറിന്റെ ഈ പ്രചാരണ തന്ത്രം ഇടതുപക്ഷത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നതാണ് പൊന്നാനിയിലെ ഇടതു പക്ഷത്തിന്റെ അവസ്ഥ.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആയിട്ടായിരുന്നു അന്‍വറിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. പിന്നീട് കരുണാകരന് ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ടു. ഡി.ഐ.സി ജില്ലാ വൈസ് പ്രസിഡന്റായി. കരുണാകരന് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴും പോയില്ല. പിന്നീട് ഏറനാടും വയനാട്ടിലും സ്വതന്ത്രനായി മത്സരിച്ചു. പിന്നീട് ഇടതു സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."