കൈവശ ഭൂമിയിലെ കണ്ടല്‍ നീക്കാം
പഴയങ്ങാടി: കൈപ്പാട് കര്‍ഷകര്‍ക്ക് സ്വന്തമായുള്ള ഭൂമിയില്‍ ഒരു ഹെക്ടര്‍ വരെ സ്ഥലത്തെ കണ്ടല്‍ നീക്കം ചെയ്ത് നെല്‍കൃഷി ചെയ്യുന്നതിന് വനം വകുപ്പിന്റെ അനുമതി ആവശ്യമില്ല. തിരുവനന്തപുരത്ത് മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വനം വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഹെക്ടറിന് മുകളില്‍ വരുന്ന കൈപ്പാട് കൃഷിക്കാരുടെ കണ്ടലുള്ള കൈവശ ഭൂമി കൃഷിയോഗ്യമാക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. കല്യാശേരി മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര കൈപ്പാട് കൃഷി പദ്ധതിയുമായി ബന്ധപ്പെട്ട് ടി.വി രാജേഷ് എം.എല്‍.എയുടെ ആവശ്യ പ്രകാരമാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചത്.
യന്ത്രവത്കരണം ഇതുവരെയും സാധ്യമായിട്ടില്ലാത്ത കൈപ്പാട് കൃഷിയുടെ ആവശ്യത്തിനായി ചതുപ്പ് കുറവുള്ള സ്ഥലങ്ങളില്‍ വിത്തിടുന്നതിനും കൂനയെടുക്കുന്നതിനുമായി ട്രാക്ടറും റിഡ്ജറും പദ്ധതി നടപ്പാക്കുന്ന ഏഴോം, പട്ടുവം, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തിലേക്കും ഭാരം കുറഞ്ഞ കംബയിണ്ട് ഹാര്‍വെസ്റ്റര്‍ കല്യാശേരി ബ്ലോക്ക് ആഗ്രോ സര്‍വീസ് സെന്ററിലേക്കും വാങ്ങുന്നതിനായി കൃഷി വകുപ്പിനെ ചുമതലപ്പെടുത്തി. ഓരോ പഞ്ചായത്തിലും എട്ടു പേര്‍ അടങ്ങുന്ന കര്‍ഷകരുടെ ഗ്രൂപ്പിന് കാര്‍ഷിക യന്ത്രം വാങ്ങുന്നതിന് നൂറ് ശതമാനം സബ്‌സിഡി അനുവദിക്കും. എല്ലാതരം കൈപ്പാടിലേക്കും സ്ഥലം പരിശോധിച്ച് യോജിച്ച യന്ത്രങ്ങള്‍ കണ്ടെത്തുന്നതിനായി തവ നൂര്‍ എന്‍ജിനീയറിങ് കോളജിലെ എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി സംഭരിക്കുന്ന കൈപ്പാട് നെല്ല്, ചെറുതാഴം പഞ്ചായത്തിലെ റൈസ് മില്ലില്‍ വച്ച് അരിയുണ്ടാക്കുന്നതിനും ഒരു പാക്കിങ് യൂനിറ്റ് ആരംഭിക്കാനും തീരുമാനിച്ചു. ഭൗമസൂചിക പദവി ലഭിച്ച കൈപ്പാട് അരി ഹോര്‍ട്ടികോര്‍പ്പ്, ഇക്കോ ഷോപ്പ് വഴി നഗരങ്ങളില്‍ വിതരണം ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."