വിടവാങ്ങിയത് അറക്കല്‍ പൈതൃകം കാത്ത ബീവി
കണ്ണൂര്‍: അറക്കല്‍ രാജവംശത്തിന്റെ മണ്മറഞ്ഞു പോകാനിരുന്ന ചരിത്രശേഷിപ്പുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ അറക്കല്‍ മ്യൂസിയത്തിനു ജന്മം നല്കിയ ബീവിയായിരുന്നു വിടപറഞ്ഞ ആദിരാജ സൈനബ ആയിഷാബി ബീവി. വിസ്മൃതിയില്‍ ആണ്ടുപോകുമായിരുന്ന കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കലിന്റെ ചരിത്രം വിശദീകരിക്കുന്ന ചരിത്ര രേഖകളാണു കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്. അറക്കല്‍ രാജവംശത്തിന്റെ 37ാമത്തെ അധിപന്മാരില് ബീവിമാരുടെ മൂന്നാമത്തെ ബീവിയാണ് ആയിശാബി. ഇവരുടെ സഹോദരിയാണ് അടുത്ത ബീവിയായി സ്ഥാനം ഏല്ക്കേണ്ട ഫാത്തിമ മുത്തുബീവി. തലശ്ശേരിയിലെ പ്രസിദ്ധമായ കേയി കുടുംബത്തില്‍നിന്ന് അറക്കല്‍ രാജവംശത്തില്‍പെട്ടവര്‍ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. പിന്നീടു കേയീ തറവാട്ടിലെ കാരണവരായിരുന്ന മൂസക്കായുടെ നിര്‍ദേശപ്രകാരം അറക്കല്‍ രാജവംശത്തിലെ സ്ത്രീകളെ വിവാഹം ചെയ്താല്‍ തലശ്ശേരി വിട്ട് രാജവംശത്തിലെത്തി താമസിക്കുന്ന കീഴ്വഴക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അറക്കല്‍ രാജവംശത്തില്‍നിന്ന് കേയി തറവാട്ടിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവന്ന സൈനബ ആയിഷാബി ഉള്‍പ്പെടെയുള്ളവര്‍ തലശ്ശേരിയില്‍ താമസം ആരംഭിക്കുന്നത്. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, എ.എന്‍ ഷംസീര്‍ എം.എല്‍.എ, മുന്‍ മന്ത്രി കെ.പി മോഹനന്, തലശ്ശേരി നഗരസഭാധ്യക്ഷന്‍ സി.കെ രമേശന്, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, മുസ്ലിംലീഗ് ജില്ലാ നേതാക്കളായ പി.വി സൈനുദീന്‍, കെ.എ ലത്തീഫ് തുടങ്ങിയവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."