ബുധനാഴ്ചകള്‍ കേരളത്തോട് പറഞ്ഞത്
2016 മെയ് 25 തിരുവനന്തപുരത്ത് ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുന്‍പാകെ പിണറായി വിജയനും 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നു. തുടര്‍ന്ന് രാജ്ഭവനില്‍ സല്‍ക്കാരം. അന്നുതന്നെ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാംനിലയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനടുത്തുള്ള കാബിനറ്റ് മുറിയില്‍ ആഘോഷമായി മന്ത്രിസഭാ യോഗം. ആദ്യ മന്ത്രിസഭാ യോഗത്തിന്റെ രംഗങ്ങള്‍ കാമറയിലാക്കാന്‍ തിരക്കുകൂട്ടുന്ന പത്ര ഫോട്ടോഗ്രാഫര്‍മാരും ചാനല്‍ കാമറാമാന്മാരും ഒപ്പം മാധ്യമപ്രവര്‍ത്തകരും. പിന്നീട് പതിവുപോലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാബിനറ്റ് മുറിയുടെ തൊട്ടെതിര്‍വശത്തെ ഹാളില്‍. മുടങ്ങിക്കിടന്ന പെന്‍ഷനുകള്‍ ഉടന്‍ വിതരണം ചെയ്യുക, മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുക എന്നിങ്ങനെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. പത്രസമ്മേളനം അവസാനിപ്പിച്ചുകൊണ്ടണ്ട് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു: 'ആഴ്ചതോറുമുണ്ടണ്ടായിരുന്ന ഈ പരിപാടി ഇനി പതിവായിരിക്കുമെന്ന് കരുതേണ്ടണ്ടതില്ല'. ഭരിക്കുന്ന മുന്നണികള്‍ മാറുമ്പോഴും മുഖ്യമന്ത്രിമാര്‍ മാറുമ്പോഴും മാറാതെ തുടരുന്ന ഒരു വലിയ പതിവായിരുന്നു ബുധനാഴ്ച തോറുമുള്ള മുഖ്യമന്ത്രിയുടെ കാബിനറ്റ് ബ്രീഫിങ്. പിണറായി വിജയന്റെ സത്യപ്രതിജ്ഞ നടന്ന 2016 മെയ് 25ാം തിയതിയും ഒരു ബുധനാഴ്ച തന്നെയായിരുന്നു. പിണറായിയുടെ ആദ്യ മന്ത്രിസഭാ യോഗവും ആദ്യ കാബിനറ്റ് ബ്രീഫിങ് നടന്നതും ഒരു ബുധനാഴ്ച.
തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എക്കാലത്തും ഹരം തന്നെയായിരുന്നു എല്ലാ ആഴ്ചയും മുറതെറ്റാതെ നടന്നുപോന്നിരുന്ന കാബിനറ്റ് ബ്രീഫിങ്. ഇ.എം.എസ്, സി. അച്യുതമേനോന്‍, പി.കെ വാസുദേവന്‍ നായര്‍, കെ. കരുണാകരന്‍, ഇ.കെ നായനാര്‍, എ.കെ ആന്റണി, സി.എച്ച് മുഹമ്മദ് കോയ, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടണ്ടി എന്നിങ്ങനെ കേരളം ഭരിച്ച മുഖ്യമന്ത്രിമാരോടൊപ്പം രാഷ്ട്രീയം പങ്കുവച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കാബിനറ്റ് ബ്രീഫിങ്ങിലൂടെ ഓരോ ആഴ്ചത്തെയും രാഷ്ട്രീയ നഖചിത്രം രേഖപ്പെടുത്തുകയായിരുന്നു. ഏതു ചോദ്യത്തിനും മറുപടി പറയാന്‍ തയാറായിവരുന്ന മുഖ്യമന്ത്രി. മുള്ളും മുനയും ഒളിപ്പിച്ചുവച്ച ചോദ്യങ്ങളുമായി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനും ഒത്താല്‍ ഒന്നു കുരുക്കാനും ഒരുമ്പെട്ടിറങ്ങുന്ന പഴയ തലമുറയിലെ തലമൂത്ത പത്രപ്രവര്‍ത്തകര്‍. മനോരമയിലെ കെ.ആര്‍ ചുമ്മാര്‍, ദീപികയിലെ കെ.സി സെബാസ്റ്റ്യന്‍, കേരള കൗമുദിയിലെ കെ.ജി പരമേശ്വരന്‍ നായര്‍, ഹിന്ദുവിലെ കെ.പി നായര്‍, ദേശാഭിമാനിയിലെ കെ. മോഹനന്‍ എന്നിങ്ങനെ തലയെടുപ്പുള്ള പത്രപ്രവര്‍ത്തകര്‍. സി. അച്യുതമേനോന്‍, പി.കെ വാസുദേവന്‍ നായര്‍, കെ. കരുണാകരന്‍ എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലെ വലിയ മുഖ്യമന്ത്രിമാരായി കൊമ്പുകോര്‍ത്ത ബുധനാഴ്ചകള്‍. ടെലിവിഷന്‍ ചാനലുകള്‍ മാധ്യമരംഗത്തെ പ്രധാന സാന്നിധ്യമായി മാറിക്കഴിഞ്ഞിരിക്കെ ബുധനാഴ്ച വരുന്നതും കാത്തിരിക്കുന്ന പുതിയ തലമുറക്കാര്‍ -രണ്‍ജി കുര്യാക്കോസ്, ടി.ജി ബേബിക്കുട്ടി, ശ്രീദേവി പിള്ള എന്നിങ്ങനെ നീണ്ടണ്ടനിര.
ബുധനാഴ്ചകള്‍ കേരളത്തോടു പറഞ്ഞത് വലിയ രാഷ്ട്രീയമായിരുന്നു. അതീവ ഗൗരവക്കാരനായ അച്യുതമേനോന്‍ പോലും പത്രക്കാരുടെ മുന്‍പില്‍ സരസമായി സംസാരിക്കുന്നത് കേരളം കണ്ടണ്ടു. പത്രസമ്മേളനത്തിനിടയ്ക്ക് സ്വന്തം കാര്യവും കുടുംബകാര്യവും വരെ തുറന്നുപറഞ്ഞ് വിശാലമായി ചിരിക്കുന്ന പി.കെ.വിയും പത്രത്താളുകളില്‍ നിറഞ്ഞുനിന്നു. കണ്ണിറുക്കിയും ഏതു പയ്യന്‍, എന്തു പയ്യന്‍ എന്നിത്യാദി മറുചോദ്യം ചോദിച്ചും സ്വന്തം കുസൃതികളിലൂടെ രാഷ്ട്രീയത്തിനു മേമ്പൊടി ചേര്‍ക്കുന്ന കരുണാകരനെയും ജനങ്ങള്‍ കണ്ടണ്ടു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന എ.കെ ആന്റണിയുടെ രോദനം മുഴങ്ങിയതും ഒരു ബുധനാഴ്ചയാണ്. ഇ.കെ നായനാരാകട്ടെ, പൊട്ടിച്ചിരിച്ചും എല്ലാവരെയും ചിരിപ്പിച്ചും കാബിനറ്റ് ബ്രീഫിങ് ആഘോഷമാക്കി മാറ്റി. വി.എസ് അച്യുതാനന്ദന്‍ സ്വന്തം പാര്‍ട്ടിയിലും സമൂഹത്തിലും നടത്തിവന്ന സമരങ്ങള്‍ക്ക് ചൂട്ടുപകരാന്‍ ബുധനാഴ്ചകളിലെ കാബിനറ്റ് ബ്രീഫിങ് ഉപയോഗപ്പെടുത്തി. ഉമ്മന്‍ചാണ്ടണ്ടിയാകട്ടെ, അടുക്കോടെയും ചിട്ടയോടെയും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് മാധ്യമപ്രവര്‍ത്തകരുടെയൊക്കെയും ചോദ്യങ്ങള്‍ക്കു സുതാര്യമായ മറുപടി നല്‍കി ബുധനാഴ്ചകളെ സമ്പന്നമാക്കി.
ബുധനാഴ്ചകളുടെ ഈ രാഷ്ട്രീയ പ്രഭാവമാണ് 2016 മെയ് 25നു ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്‍ അപ്പാടെ നിര്‍ത്തിക്കളഞ്ഞത്. ഓരോ ആഴ്ചത്തെയും രാഷ്ട്രീയ ഗതിവിഗതികള്‍ നിര്‍ണയിച്ചിരുന്ന ബുധനാഴ്ചകളുടെ പകിട്ടും പത്രാസുമാണ് ഇല്ലാതായത്. ഇടയ്‌ക്കൊക്കെ മുഖ്യമന്ത്രി പിണറായി കാബിനറ്റ് ബ്രീഫിങ് നടത്തിയെങ്കിലും പഴയ ഗമയും പ്രഭാവവും ഈ ബുധനാഴ്ചകള്‍ക്കു കൈവന്നില്ല. അവസാനം പിണറായി തന്നെ അതു തിരുത്തി. കൊവിഡ് ലോകമാകെ മരണം വിതയ്ക്കുകയും കേരളം പേടിച്ചുനില്‍ക്കുകയും ചെയ്തപ്പോള്‍ ദിവസേന മാധ്യമങ്ങളോടു കാര്യങ്ങള്‍ പറയാനെത്തിയ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ ജനശ്രദ്ധ നേടി. കൊവിഡ് ഭീഷണി കൈവിടുന്ന ഘട്ടമായപ്പോള്‍ മുഖ്യമന്ത്രി തന്നെ നായകനായി മുന്‍പിലെത്തി. വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി പത്രസമ്മേളനം പതിവാക്കി. പെട്ടെന്നുതന്നെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ജനപ്രീതി നേടി. പിണറായി പറയുന്നത് കേള്‍ക്കാന്‍ ജനങ്ങളൊക്കെയും ടെലിവിഷനു മുന്‍പില്‍ കുത്തിയിരുന്നു. ഒരു ബോക്‌സ് ഓഫിസ് ഹിറ്റ് പോലെ പിണറായിയുടെ പത്രസമ്മേളനം ജനപ്രീതിയുടെ ഉയരങ്ങളിലെത്തി.
നന്നായി കാര്യങ്ങള്‍ അപഗ്രഥിക്കാനും വിശദീകരിക്കാനുമുള്ള കഴിവ് പിണറായി വിജയന്റെ പ്രത്യേകതയാണ്. തീരെ നിസാരമെന്നു തോന്നാമെന്ന കൊച്ചു കാര്യങ്ങളിലേക്കും അദ്ദേഹത്തിന്റെ കണ്ണുകള്‍ നീണ്ടണ്ടു. ലോകമെങ്ങും വലിയ ദുരന്തം വിതയ്ക്കുന്ന കൊവിഡിന്റെ കറുത്ത മുഖംകണ്ടണ്ട് സ്തംഭിച്ചുനിന്ന മലയാളികള്‍ക്ക് ആശ്വാസം പകരുന്നതായി പിണറായിയുടെ വര്‍ത്തമാനം. അതു ജനങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കി. തന്റെ കാലത്ത് ബുധനാഴ്ചകള്‍ക്ക് നഷ്ടപ്പെട്ട പ്രൗഢിയും പ്രതാപവും പുതിയ കൊവിഡ് ബ്രീഫിങ്ങിലൂടെ പിണറായി വിജയന്‍ തന്നെ തിരിച്ചു കൊണ്ടണ്ടുവന്നിരിക്കുകയാണ്.
എല്ലാ രാഷ്ട്രീയ നേതാക്കളും അറിഞ്ഞിരിക്കേണ്ടണ്ട ഒരു വലിയ പാഠം പിണറായി ഇവിടെ പറയാതെ പറഞ്ഞുവയ്ക്കുന്നുണ്ടണ്ട്. രാഷ്ട്രീയ നേതാവ് സംസാരിക്കണം. കാര്യങ്ങള്‍ ഉറക്കെ പറയണം. പറയേണ്ടണ്ടത് വേണ്ടണ്ടതുപോലെ പറയണം. അതു സമര്‍ഥമായി തന്നെ പറയണം. ഒരാള്‍ പറയുന്നതും ചെയ്യുന്നതുമാണ് അയാളുടെ പ്രതിഛായ നിര്‍മിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ വലിയ കാര്യങ്ങള്‍ പറയുകയും ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുകയും വേണം. ഓരോരുത്തരും പറയുന്ന കാര്യങ്ങളും ചെയ്യുന്ന കാര്യങ്ങളും അപഗ്രഥിച്ചാണ് ജനങ്ങള്‍ തങ്ങളുടെ നേതാക്കളെ ദിവസേന വിലയിരുത്തുന്നത്. ഇതൊരു പ്രതിഛായാ നിര്‍മാണം തന്നെയാണ്. ഇമേജ് ബില്‍ഡിങ്ങിനുള്ള പി.ആര്‍ എക്‌സര്‍സൈസാണിതെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് ആരോപണമുന്നയിക്കുന്നതില്‍ ഒരു ശരിയുണ്ടണ്ട്. ഇതുപോലുള്ള ആരോപണങ്ങളുന്നയിച്ചുകൊണ്ടണ്ട് പ്രതിപക്ഷ നേതാവ് പതിവായി നടത്തുന്ന പത്രസമ്മേളനങ്ങളും ഒരു പി.ആര്‍ എക്‌സര്‍സൈസ് തന്നെ.
ഒരു കാര്യം വ്യക്തം. ദിവസേന മാധ്യമപ്രവര്‍ത്തകരെ കണ്ടണ്ട് ഒരു മണിക്കൂര്‍ നേരം ശാന്തമായി കാര്യങ്ങള്‍ വിശദീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ലോകമെങ്ങുമുള്ള മലയാളികള്‍ ആസ്വദിച്ചു കാണുന്നു. കൃത്യം അറുപതാം മിനുട്ടില്‍ മൈക്ക് സ്വയം ഓഫ് ചെയ്ത് അവസാനിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ രീതികളൊക്കെ ജനങ്ങള്‍ക്ക് പരിചയമായിരിക്കുന്നു. നാലു വര്‍ഷം മുന്‍പ് ഒരു ബുധനാഴ്ച ദിവസം കാബിനറ്റ് ബ്രീഫിങ് ഒരു പതിവായിരിക്കില്ലെന്നു പറഞ്ഞ പിണറായി തന്നെ പഴയ ബുധനാഴ്ചകളുടെ പ്രൗഢിയും ശോഭയും എല്ലാ ദിവസങ്ങള്‍ക്കും നല്‍കുകയാണ്. കൊവിഡിന്റെ കഥ മാത്രമല്ല, രാഷ്ട്രീയവും പറയുകയാണ് ഈ ദിവസങ്ങള്‍. കൊവിഡ് പോലെയുള്ള ദുരന്തങ്ങള്‍ ഭീകരത വിതയ്ക്കുമ്പോള്‍ പ്രതിപക്ഷവും കാര്യങ്ങള്‍ പറയണം. രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം പറയുക തന്നെ വേണം. ഉറക്കെ പറയണം. മികവോടെ പറയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."