12 എം.പിമാര്‍; എട്ട് എം.എല്‍.എമാര്‍, നാലിടത്ത് എം.പി-എം.എല്‍.എ പോരാട്ടം
#ടി.കെ ജോഷി
കോഴിക്കോട്: 12 സിറ്റിങ് എം.പിമാരും എട്ട് എം.എല്‍.എമാരും അങ്കത്തട്ടില്‍ ഇറങ്ങിയതോടെ ലോക്‌സഭാ പോരാട്ടത്തില്‍ അഞ്ചിടത്ത് എം.പിയും എം.എല്‍.എമാരും നേരിട്ട് ഏറ്റുമുട്ടുന്നു. കേരളത്തില്‍ ഇതുവരെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ റെക്കോര്‍ഡാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിമാര്‍ സാധാരണ മത്സരരംഗത്ത് ഉണ്ടാകുമെങ്കിലും എം.എല്‍.എമാര്‍ ഡെല്‍ഹി ലക്ഷ്യമിട്ട് കളത്തിലിറങ്ങുക വിരലില്‍ എണ്ണാവുന്നിടത്തായിരിക്കും. എന്നാല്‍ ഇത്തവണ ഇത് എട്ടായി.
ഇടതു മുന്നണിയും യു.ഡി.എഫും ആറു വീതം സിറ്റിങ് എം.പിമാരെ രംഗത്തിറക്കി. എം.എല്‍.എമാരില്‍ എല്‍.ഡി.എഫാണ് മുന്‍പില്‍. എല്‍.ഡി.എഫ് ആറ് എം.എല്‍.എമാരെ ഗോദയില്‍ ഇറക്കുമ്പോള്‍ യു.ഡി.എഫ് രണ്ടാളെയാണ് പോരിനിറക്കിയിരിക്കുന്നത്.
കോഴിക്കോട് മണ്ഡലത്തില്‍ യു.ഡി.എഫിലെ സിറ്റിങ് എം.പി എം.കെ രാഘവനെതിരേ കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ. പ്രദീപ് കുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. എം.കെ രാഘവന് ഇത് മൂന്നാമൂഴമാണെങ്കില്‍ മൂന്നു തവണ നിയമസഭയിലേക്കുള്ള വിജയവുമായിട്ടാണ് പ്രദീപ്കുമാര്‍ പോരിനെത്തിയിരിക്കുന്നത്.
ശ്രദ്ധേയമായ മറ്റൊരു എം.പി- എം.എല്‍.എ പോരാട്ടം നടക്കുന്നത് പത്തനംതിട്ടയിലാണ്. യു.ഡി.എഫിലെ ആന്റോ ആന്റണിയെ നേരിടുന്നത് ആറന്‍മുളയെ പ്രതിനിധീകരിക്കുന്ന സി.പി.എമ്മിലെ വീണാ ജോര്‍ജാണ്. ശബരിമല വിഷയം ഏറ്റവും ബാധിക്കുന്ന ഈ മണ്ഡലത്തിലെ പോരാട്ടം രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ വീണാ ജോര്‍ജ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ച് നിയമസഭയില്‍ എത്തുന്നത്. കോട്ടയം ജില്ലക്കാരനാണെങ്കിലും ആന്റോ ആന്റണി ഇത് മൂന്നാം ഊഴത്തിനാണ് പത്തനംതിട്ടയില്‍.
ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു പൊന്നാന്നിയിലെ എം.പിയും എം.എല്‍.എയും തമ്മിലുള്ള പോരാട്ടം. മുസ്‌ലിം ലീഗിലെ സിറ്റിങ് എം.പി ഇ.ടി മുഹമ്മദ് ബഷീറിനെതിരേ നിലമ്പൂരിലെ സി.പി.എമ്മിന്റെ സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറാണ് മത്സരിക്കുന്നത്. സി.പി.എം അന്‍വറിന്റെ പേര് ആദ്യം പരിഗണിച്ചിരുന്നുവെങ്കിലും വീണ്ടും വെട്ടിയും തിരുത്തിയുമാണ് ഗോദയില്‍ ഇറക്കിയിരിക്കുന്നത്.
ഇതിനു മുന്‍പ് ഏറനാടില്‍ നിന്നു നിയമസഭയിലേക്കും വയനാട്ടില്‍ നിന്നു ലോക്‌സഭയിലേക്കും മത്സരിച്ചു പരാജയപ്പെട്ട അന്‍വര്‍ 2016ല്‍ നിലമ്പൂരില്‍ നിന്നു നിയമസഭയിലെത്തി. ഇ.ടിക്ക് ലോക്‌സഭയിലേക്ക് ഇത് മൂന്നാമൂഴമാണെങ്കിലും മൂന്നു തവണ നിയമസഭയിലേക്ക് വിജയിച്ചതിന്റെ കരുത്തുണ്ട്. മുന്‍ മന്ത്രികൂടിയാണ് ഇ.ടി. തിരുവനന്തപുരത്ത് കോണ്‍ഗ്രസിലെ സിറ്റിങ് എം.പി ശശി തരൂരും കരുനാഗപ്പള്ളി എം.എല്‍.എ സി.പി.ഐയിലെ സി. ദിവാകരനും തമ്മിലാണ് മത്സരം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണിത്.
ശശി തരൂരിന് രണ്ടാം അങ്കമാണെങ്കില്‍ ലോക്‌സഭയിലേക്ക് ദിവാകരന് കന്നിയങ്കമാണ്. എന്നാല്‍ മുന്‍ മന്ത്രികൂടിയായ ദിവാകരന്‍ മികച്ച നിയമസഭാ സാമാജികന്‍ കൂടിയാണ്.
ആറ്റിങ്ങലില്‍ സിറ്റിങ് എം.പി സി.പി.എമ്മിലെ എ. സമ്പത്തിനെ കോണ്‍ഗ്രസിലെ കോന്നി എം.എല്‍.എ അടൂര്‍ പ്രകാശ് നേരിടും. മുന്‍ യു.ഡി.എഫ് സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് കോന്നിയില്‍ നിന്നു നാലു തവണയാണ് നിയമസഭയില്‍ എത്തിയത്.
സി.പി.എമ്മിലെ എ. സമ്പത്തിന് ആറ്റിങ്ങലില്‍ ഇത് രണ്ടാം അങ്കമാണ്. ചിറയിന്‍കീഴില്‍ നിന്നു നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയില്‍ ആറ് സിറ്റിങ് എം.പിമാരും ആറ് എം.എല്‍.എമാരുമാണുള്ളത്. പി.കെ ശ്രീമതി (കണ്ണൂര്‍), എം.ബി രാജേഷ് (പാലക്കാട്), പി.കെ ബിജു (ആലത്തൂര്‍), ഇന്നസെന്റ് (ചാലക്കുടി ), എ. സമ്പത്ത് (ആറ്റിങ്ങല്‍), ജോയ്‌സ് ജോര്‍ജ് (ഇടുക്കി) എന്നിവരാണ് സിറ്റിങ് എം.പിമാര്‍. എല്ലാവരും സി.പി.എം എം.എല്‍.എമാരില്‍ സി.പി.എം എ. പ്രദീപ് കുമാര്‍ (കോഴിക്കോട്), പി.വി അന്‍വര്‍ (പൊന്നാന്നി), വീണ ജോര്‍ജ് (പത്തനംതിട്ട), എ.എം ആരിഫ് (അരൂര്‍) എന്നിവരെ പരീക്ഷിക്കുമ്പോള്‍ സി.പി.ഐ രണ്ട് എം.എല്‍.എമാരെയാണ് അങ്കത്തിനിറക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് സി. ദിവാകരനെയും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറിനെയും. സി. ദിവാകരന്‍ കരുനാഗപള്ളിയിലെയും ചിറ്റയം ഗോപകുമാര്‍ അടൂരിലെയും എം.എല്‍.എയാണ്.
യു.ഡി.എഫ് ആറ് സിറ്റിങ് എം.പിമാരെയും രണ്ടു എം.എല്‍.എയെയുമാണ് കളത്തിലിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിലെ എം.കെ രാഘവന്‍ (കോഴിക്കോട്), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ശശി തരൂര്‍ (തിരുവനന്തപുരം), മുസ്‌ലിം ലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം), ഇ.ടി മുഹമ്മദ് ബഷീര്‍ (പൊന്നാന്നി), ആര്‍.എസ്.പിയിലെ എ. പ്രേമചന്ദ്രന്‍(കൊല്ലം) എന്നിവരാണ് സിറ്റിങ് എം.പിമാര്‍.
എറണാകുളത്ത് മത്സരിക്കുന്ന ഹൈബി ഈഡനും ആറ്റിങ്ങലില്‍ മത്സരിക്കുന്ന അടൂര്‍ പ്രകാശുമാണ് ഇപ്പോള്‍ യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ിഥി പട്ടികയിലെ എം.എല്‍.എ മാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."