പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഡാരിയല്‍ ഡിമോണ്ടെ വിടവാങ്ങി
മുംബൈ: ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തിലെ കുലപതികളില്‍ ഒരാളും പരിസ്ഥിതി മാധ്യമ പ്രവര്‍ത്തകനുമായ ഡാരിയല്‍ ഡിമോണ്ടെ അന്തരിച്ചു. മുംബൈ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. ഒരു വര്‍ഷമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശ്വാസത്തിലായിരുന്നു. ഭാര്യ: സറീന്‍.
ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും റസിഡന്റ് എഡിറ്റര്‍ പദവിയിലിരുന്ന അദ്ദേഹം 80കളിലും 90കളിലും മുംബൈയിലെ മാധ്യമപ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ അദ്ദേഹം ഫോറം ഓഫ് എന്‍വയോണ്‍മെന്റ് ജേണലിസ്റ്റ് ഓഫ് ഇന്ത്യ, വേള്‍ഡ് എഡിറ്റേഴ്‌സ് ഓഫ് എന്‍വയോണ്‍മെന്റ് എന്നീ മാധ്യമ സംഘടനകളുടെ അധ്യക്ഷനെന്ന നിലയില്‍ നിറഞ്ഞുനിന്നിരുന്നു.
1993ല്‍ ജര്‍മനിയിലെ ഡ്രെഡ്‌സണില്‍ രൂപം കൊണ്ട രാജ്യാന്തര പരിസ്ഥിതി മാധ്യമ പ്രവര്‍ത്തക സംഘടനയായ ഇന്റര്‍ നാഷനല്‍ ഫെഡറേഷന്‍ ഓഫ് എന്‍വയോണ്‍മെന്റ് ജേണലിസ്റ്റിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, മാധ്യമ പ്രവര്‍ത്തകരായ രജ്ദീപ് സര്‍ദേശായി, പരന്‍ജോയ് ഗുഹ താകുര്‍ത്ത, ബച്ചി കര്‍കാരിയ, സാഗരിക ഘോഷ്, നിഖില്‍ വാഗ്ലെ, ഖാലിദ് മുഹമ്മദ്, സ്‌പോര്‍ട്‌സ് എഴുത്തുകാരന്‍ ആയാസ് മേമന്‍, എഴുത്തുകാരും കോളമിസ്റ്റുകളുമായ സലില്‍ ത്രിപാഠി, കല്‍പന ശര്‍മ, അമിതാവ് ഘോഷ്, ബിത്തു സഹ്ഗല്‍, ഇംഗ്ലീഷ് കവി പ്രിതിഷ് നന്ദി, നടി ശബാന ആസ്മി, സംവിധായിക പരോമിത വോറ തുടങ്ങിയ നിരവധിപേര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."