അതിര്‍ത്തിയില്‍ കോഴിപ്പോര് സജീവമായി
മീനാക്ഷിപുരം: അതിര്‍ത്തിയില്‍ കോഴിപ്പോര് സജീവമായി. പൊങ്കല്‍ ഉത്സവത്തിന്റെ ഒരാഴ്ച്ചമുമ്പ് ആരംഭിച്ച കോഴിയങ്കം ഇപ്പോഴും തുടരുകയാണ്. മീനാക്ഷിപുരം, കന്നിമാരി,ചെമ്മണാമ്പതി, ആട്ടയാമ്പതി, ഗോപാലപുരം, ഗോവിന്ദാപുരം, നീളിപ്പാറ, കിഴവന്‍പുതൂര്‍, ചെമ്മണാന്തോട്, മൊണ്ടിപതി, ചപ്പക്കട് , പുതൂര്‍ എന്നീ പ്രദേശങ്ങളിലെ തോട്ടങ്ങളിലാണ് കോഴിപോര് ശക്തമായി നടക്കുന്നത്. കോഴിപ്പോരിന് അയ്യായിരം മുതല്‍ ഇരുപതിനായിരം രൂപവരെ പന്തയംവെച്ചാണ് നടത്തപെടുന്നത്. ഇതുമൂലം പ്രദേശങ്ങളില്‍ അടിപിടിയും പരുക്കേല്‍ക്കലും പതിവാണ്. കൊല്ലങ്കോട്, ചിറ്റൂര്‍ ആശുപത്രികളിലെത്തിയാല്‍ പൊലിസ് അറിയുമെന്നപേരില് പൊള്ളാച്ചി, അബ്രാംപാളയം ആശുപത്രികളിലേക്കാണ് അടിപിടിയില്‍ പരിക്കേല്‍ക്കുന്നവര്‍ ചികില്‍സക്കെത്തുന്നത്. കഴിഞ്ഞ നാലുദിവസത്തിനിടെ ചെമ്മണാമ്പതി മേഖലയില്‍ കോഴിപ്പോരിനിടയില്‍ നടന്ന അടിപിടിയില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ അംഗത്തിലുള്ളവര് ആരും പൊലിസില്‍ പരാതിനല്‍കിയില്ല.
കെട്ടുതാലിവരെ വില്പനനടത്തിയാണ് ഇവര്‍ പേരാനെത്തുന്നത്. മാസങ്ങള്‍ക്കുമുമ്പ് കൊല്ലങ്കോട് പൊലിസ് റെയ്ഡ്നടത്തി ഇരുപതിലധികം കോഴികളെ പിടിച്ചുകൊണ്ടുവരുകയും മുക്കാല്‍ലക്ഷത്തോളം രൂപക്ക് ലേലത്തില്‍ വില്പന നടത്തുകയും ചെയ്തിരുന്നു.
അങ്കകോഴികളുടെ വില്പനയും അതിര്‍ത്തിപ്രദേശങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നാലായിരം മൂതല്‍ എണ്ണായിരംരൂപവരെയാണ് കോഴികള്‍ക്ക് വില. കൂടുതല്‍ മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച കോഴികള്‍ക്ക് പതിനായിരത്തിലധികം നല്കി വാങ്ങുന്നവരും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."