ചരിത്രത്തിന്റെ മൗന സാക്ഷിയായ മരമുത്തശ്ശി പുളിമരം ഓര്‍മയായി
ഹരിപ്പാട്: തലമുറകള്‍ക്ക് തണല്‍ പകരുകയും നിരവധി രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് സാക്ഷിയാകുകയും ചെയ്ത് ഹരിപ്പാട് കച്ചേരി ജങ്ഷനില്‍ തലയുയര്‍ത്തി നിന്ന മരമുത്തശ്ശി പുളിമരം ഇനി ഓര്‍മ.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയാണ് ഈ മുത്തശ്ശി മരത്തിന്റെ വീഴ്ചയ്ക്ക് വേഗം കൂട്ടിയത്. നാടിന്റെ സാംസ്‌ക്കാരിക രാഷ്ട്രീയ ചരിത്രത്തില്‍ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് ഈ പുളിമരം സാക്ഷിയായിട്ടുണ്ട്.
കേരള രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ചരിത്രം രചിച്ചിട്ടുള്ള ഇ.എം.എസ് നമ്പൂതിരിപ്പാട്, സി.അച്ചുത മേനോന്‍, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, ഇ. ജോണ്‍ ജേക്കമ്പ്, തകഴി ശിവശങ്കര പിള്ള, പത്മരാജന്‍, നടന്‍ മുരളി, വേണു നാഗവള്ളി തുടങ്ങിയവര്‍ ഈ പുളിമരച്ചുവട്ടില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
വൃശ്ചികമാസത്തിലെ കാര്‍ത്തിക ദിവസം ഹരിപ്പാട് ക്ഷേത്രത്തിലെ കാര്‍ത്തിക വിളക്കിനോട് അനുബന്ധിച്ച് ഹരിപ്പാട് പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കാര്‍ത്തിക സ്തംഭം കത്തിക്കുമ്പോള്‍ ടാക്‌സി ഡ്രൈവേഴ്‌സ് ഈ മരത്തില്‍ ദീപാലങ്കാരം നടത്തിയിരുന്നു.
1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രണ്ടായപ്പോള്‍ മുന്‍ എം.എല്‍.എ മാരായ ചെങ്ങളത്ത് രാമകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ എസ് .എ ഡാങ്കേയും, സി.ബി.സി വാര്യരുടെ അധ്യക്ഷതയില്‍ ബി.ടി രണദീവേയും പ്രസംഗിച്ചതും ഈ പുളിമരച്ചുവട്ടില്‍. കോണ്‍ഗ്രസ് പിളര്‍ന്ന ശേഷം എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇടതു നേതാക്കളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചരണവേദിയാക്കിയതും ഈ മുത്തശ്ശിമരച്ചുവടാണ്. പണ്ട് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഏതാണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മത്സരിച്ച് ഉയരത്തില്‍ കൊടി ഉയര്‍ത്തിയിരുന്നതും ഈ മരത്തില്‍ തന്നെ.
താലൂക്ക് ഓഫിസ് പിക്കറ്റ് ചെയ്യുവാനെത്തിയവര്‍ക്ക് വിശ്രമ സങ്കേതമായതും ഈ പുളിമരച്ചുവടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."