തോട്ടം മേഖലയില്‍ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം
കട്ടപ്പന: പീരുമേട്, ഏലപ്പാറ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലെ വിവിധ തോട്ടം മേഖലയില്‍ നായ്ക്കളുടെ കടിയേറ്റ് അഞ്ചുപേരെ കൂടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പനാര്‍ കല്ലാര്‍ സ്വദേശി മണികണ്ഠന്റെ മകള്‍ അഭിനയ (ആറ്), പാമ്പനാര്‍ എല്‍.എം.എസ് തോട്ടത്തില്‍ താമസിക്കുന്ന സുനിത (28), പട്ടുമല സുധന് (30), ഏലപ്പാറ കോഴിക്കാനം സ്വദേശി മനോജ് (24), കോഴിക്കാനം സ്വദേശി സണ്ണിയുടെ മകള്‍ ഡെലീന (രണ്ട്) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി കോട്ടയത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പാമ്പനാര്‍ എല്‍.എം.എസില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പട്ടിയുടെ ആക്രമണം ഉണ്ടാകുന്നത്. തിങ്കളാഴ്ച ആറുപേര്‍ക്കും ഞായറാഴ്ച നാലുപേര്‍ക്കും കടിയേറ്റിരുന്നു. ഇതില്‍ ഒരുകുട്ടിയുടെ മുഖത്തിനും നാവിനും കടിയേറ്റ് മുറിവേറ്റിരുന്നു. നായ്ക്കളുടെ ആക്രമണത്തില്‍ ദിവസേന പരിക്കേല്‍ക്കുന്നതിനാല്‍ കുട്ടികളെ സ്കൂളില്‍ അയക്കാനും തോട്ടങ്ങളില്‍ ജോലിക്ക് പോകാനും നാട്ടുകാര്‍ക്ക് ഭയമാണ്. ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും പ്രശ്നത്തില്‍ ഇടപെടുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."