ജനതാത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ താനെന്ന വോട്ടെടുപ്പ് നടത്താനുള്ള അധികാരം ജനങ്ങള്‍ക്കുമാത്രം: കേന്ദ്രമന്ത്രി പീയുഷ് ഗോയലിനില്ലെന്നും പിണറായി വിജയന്‍
തിരുവനന്തപുരം: താന്‍ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അല്ലെന്നും അതിനുള്ള അവകാശം സംസ്ഥാനത്തെ ജനങ്ങള്‍ക്കാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്ത വിഷയത്തില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ആരോപണവുമായി രംഗത്തുവന്നിരുന്നു. സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലാതെ മുഖ്യമന്ത്രിമാര്‍ ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ എന്താകുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍. കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിര്‍ഭാഗ്യകരമായി പോയി. പദവിക്ക് ചേര്‍ന്നതല്ല അദ്ദേഹത്തിന്റെ വാക്കുകള്‍. രാജ്യം നേരിടുന്ന പ്രശ്നത്തിന്റെ ഗൗരവത്തിന്റെ നേരിയ അംശം പോലും അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നതാണ്
ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അയക്കാന്‍ റെയില്‍വേ തീരുമാനിച്ചത് സംബന്ധിച്ച് ഒരു വിവരവും ഇവിടെ ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് ശേഷവും മറ്റൊരു ട്രെയിന്‍ അയക്കാന്‍ റെയില്‍വേ തീരുമാനിക്കുകയുണ്ടായി. ഇത് ഇവിടത്തെ ക്രമീകരണങ്ങളുടെ താളം തെറ്റിക്കുന്നതായിരുന്നു. അതിനാല്‍ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ശരിയായ നിരീക്ഷണത്തിനും അതുവഴി രോഗവ്യാപനം തടയുന്നതിനും സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്ന് റെയില്‍വേ മന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."