പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി
ജിദ്ദ: കരുനാഗപ്പള്ളി സ്വദേശിയെ സഊദിയിലെ റിയാദിൽ കാണാനില്ലെന്ന് പരാതി. കല്ലേലിഭാഗം പുതുവീട്ടിൽ താജുദ്ദീൻ അഹമ്മദ് കുഞ്ഞിനെയാണ് ഒരാഴ്ചയിലേറെയായി കാണാതായെന്ന് വീട്ടുകാർ പരാതിപ്പെടുന്നത്. റിയാദിലെ അസീസിയ പച്ചക്കറി മാർക്കറ്റിനടുത്ത് ബന്ധുക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു അദ്ദേഹം. കൊവിഡ് വൈറസ് ബാധയേറ്റെന്ന സംശയത്താൽ ഈ മാസം 11ന് സ്രവ പരിശോധന നടത്തിയപ്പോൾ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
രോഗം സ്ഥിരീകരിക്കപ്പെട്ടതിന് ശേഷം റിയാദിൽ ചിലരൊക്കെ ഇദ്ദേഹത്തെ കണ്ടതായി പറയുന്നുണ്ടെങ്കിലും ഒരാഴ്ചയിൽ കൂടുതലായി ഇദ്ദേഹം വീട്ടുകാരുമായി ബന്ധപ്പെടുന്നില്ല. ഏതെങ്കിലും ആശുപത്രിയിൽ പരിചരണത്തിലാണെന്ന് സംശയമുണ്ടെങ്കിലും ആശുപത്രി ഏതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അൽഈമാൻ ആശുപത്രിയിൽ നിന്നും ഇമാം സഊദ് ബിൻ അബ്‍ദുറഹ്‍മാൻ ആശുപത്രിയിലേക്ക് മാറ്റിയിരിക്കാമെന്ന് ആശുപത്രി ജീവനക്കാരിയുടെ ശബ്‍ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
റിയാദിൽ താജുദ്ദീന്റെ തൊട്ടടുത്തെ റൂമിലെ താമസക്കാരനും ബന്ധുവുമായ മൈനാഗപ്പള്ളി സ്വദേശി ഷെരിഫ് ഇബ്രാഹിം കൊവിഡ് ബാധിച്ച് ഈ മാസം എട്ടിന് മരിച്ചിരുന്നു. ഒരു മാസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞതിന് ശേഷമായിരുന്നു അന്ത്യം. അതോടനുബസിച്ച് റൂമിലുള്ളവർ ക്വാറന്റീനിൽ പോയി തിരിച്ചെത്തിയപ്പോൾ താജുദ്ദീൻ ഒരു ഹോട്ടലിലേക്ക് താമസം മാറ്റി. എന്നാൽ അടുത്ത ദിവസം തന്നെ വസ്ത്രങ്ങൾ ആ ഹോട്ടലിൽ ഉപേക്ഷിച്ചിട്ട് അവിടെ നിന്ന് പോയെന്നും പറഞ്ഞുകേൾക്കുന്നു. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായാൽ 0530669529 (എം. സാലി) എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."