അധികൃതരെ ഉണര്‍ത്താന്‍ നാളെ ഇവര്‍ 'ഉറങ്ങും'
കോഴിക്കോട്: പ്രകൃതിചൂഷണത്തിനെതിരേ നടപടിയെടുക്കാതെ ഉറക്കം നടിക്കുന്ന ഭരണകൂടത്തെ ഉണര്‍ത്താന്‍ ജില്ലാ പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി നാളെ കലക്ടറേറ്റിനു മുന്നില്‍ കൂട്ട ഉറക്കം നടത്തുന്നു. രാവിലെ 10.30 മുതല്‍ നടക്കുന്ന പരിപാടിയില്‍ ഡോ. എം.ജി.എസ് നാരായണന്‍, ഡോ. എ. അച്യുതന്‍, പ്രൊഫ. കെ. ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു ജില്ലാ പരിസ്ഥിതി സമിതി കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ മലയോരങ്ങളില്‍ ആഴ്ചകള്‍ക്ക് മുന്‍പുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രകൃതിയുടെ അമിത തരത്തിലുള്ള ചൂഷണം ചെയ്യലും പ്രകൃതിയുടെ സന്തുലിതാവസ്ഥയുലുള്ള താളം തെറ്റലും കൊണ്ടാണ്.
പൊതുസമ്പത്തായ നീരുറവയെ തടയാനും ചൂഷണം ചെയ്യാനും സ്വകാര്യവ്യക്തിയെ അനുവദിച്ചത് ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടാണ്.
ജൈവതടയണകള്‍ മാത്രമെ നിര്‍മിക്കാവൂവെന്ന പ്രകൃതിസംരക്ഷണ പ്രവര്‍ത്തകരുടെ ആവശ്യത്തെ പൂര്‍ണമായും അവഗണിച്ചതാണു കട്ടിപ്പാറ ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്.
കരിഞ്ചോല മലയിലെ ദുരന്തം കക്കാടംപൊയിലില്‍ ആവര്‍ത്തിക്കരുത്. കക്കാടംപൊയിലിലെ പരിസ്ഥിതിലോല മേഖലയിലെ നിയമവിരുദ്ധ വാട്ടര്‍തീം പാര്‍ക്കിന്റെ പ്രവര്‍ത്തനവും 20 മുതല്‍ 85 ഡിഗ്രി വരെ ചെരിവുള്ള മലകളില്‍ നിര്‍ബാധം ഖനനവും അനുവദിച്ചത് ശരിയല്ല. അവയുടെ അനുമതികള്‍ പിന്‍വലിക്കുകയും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. ശോഭീന്ദ്രന്‍, തായാട്ട് ബാലന്‍, ജില്ലാ പരിസ്ഥിതി കൂട്ടായ്മ ചെയര്‍മാന്‍ ടി.വി രാജന്‍, ജനറല്‍ കണ്‍വീനര്‍ എ.എസ് ജോസ്, കെ.പി.യു അലി, സുബീഷ് ഇല്ലത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."