കുമാരനെല്ലൂര്‍ വില്ലേജ് ഓഫിസറെ സ്ഥലംമാറ്റി
മുക്കം: നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ വില്ലേജ് ഓഫിസര്‍ ഷൈനി റോസിനെ സ്ഥലം മാറ്റി. കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ അനിതാ കുമാരിയാണ് ജില്ലയിലെ മറ്റൊരു വില്ലേജ് ഓഫിസിലേക്കു ഇവരെ സ്ഥലം മാറ്റിയത്.
കഴിഞ്ഞ കുറച്ചു ദിവസത്തിനിടെ നിരവധി പരാതികളാണു വില്ലേജ് ഓഫിസര്‍ക്കെതിരേ ഉയര്‍ന്നിരുന്നത്. രണ്ടുമാസത്തോളം ഓഫിസില്‍ കയറിയിറങ്ങിയിട്ടും രേഖകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് വന്‍ വിവാദമായിരുന്നു. പിതാവ് ഉപേക്ഷിച്ച് പോയ വിദ്യാര്‍ഥിനി കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിനായി എത്തിയ സമയത്തു ജാതിപ്പേര് വിളിച്ച് അപമാനിച്ചതായും വീടിന്റെ മുറ്റം ഇടിഞ്ഞത് അറിയിക്കാനെത്തിയ സ്ത്രീയെ നിരവധി തവണ ഓഫിസിലേക്കു വരുത്തിച്ചതടക്കം നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണു ഷൈനി റോസിനെ സ്ഥലം മാറ്റിയത്. വില്ലേജ് അസിസ്റ്റന്റ് മാര്‍ട്ടിനാണു താല്‍ക്കാലിക ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."