പാഠപുസ്തകത്തില്‍ നിന്ന് നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അപലപനീയമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എന്‍സിഇആര്‍ടിയുടെ ഒമ്പതാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ നിന്നും നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര പുസ്തകങ്ങളെ തെറ്റായ രീതിയില്‍ മാറ്റിയെഴുതുന്ന സംഘപരിവാര്‍ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നവോത്ഥാന മുന്നേറ്റങ്ങളെയും രാജ്യത്തെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങളെയുമാണ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. .
അക്കാലത്തെ സാമൂഹ്യനീതിയുടെ പൊള്ളത്തരങ്ങളെ തുറന്നുക്കാട്ടുന്ന പുസ്തകമാണ് സി കേശവന്റെ ജീവിതസമരം എന്ന ആത്മകഥ. അതിലെ ഭാഗങ്ങളും ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതരും പിന്നോക്ക വിഭാഗങ്ങളും നടത്തിയ സമരങ്ങളെ ബോധപൂര്‍വം തമസ്‌കരിക്കുന്ന നടപടിയാണ് ഇത്.
നവോത്ഥാന മൂല്യങ്ങളെ പാഠപുസ്തകത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തി സമത്വത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അവയെ തിരസ്‌കരിക്കുന്ന നടപടി എന്‍.സി.ഇ.ആര്‍.ടിയില്‍ നിന്നു ഉണ്ടായിട്ടുള്ളത്. ഇത് ഈ നാടിനെ സ്‌നേഹിക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."