തോട്ടം തൊഴിലാളികള്‍ 'വോട്ട് യന്ത്രങ്ങള്‍'; ഇക്കുറിയും പ്രഖ്യാപനങ്ങളില്‍ ഇടമുണ്ടാവില്ല
#ഷഫീഖ് മുണ്ടക്കൈ
കല്‍പ്പറ്റ: സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്ക് ഇത്തവണയും 'വോട്ട് യന്ത്രങ്ങളുടെ'ചുമതല മാത്രം. സംഘടിതരായ തോട്ടം മേഖലയില്‍ തങ്ങളോടൊപ്പം നില്‍ക്കുന്ന തൊഴിലാളികള്‍ ഇക്കുറിയും പതിവ് തെറ്റിക്കില്ലെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.
മേഖലയില്‍ പ്രശ്‌നങ്ങള്‍ ഏറെയുണ്ടെങ്കിലും മുന്‍കാലങ്ങളെപ്പോലെ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചാണ് ഇത്തവണ മുന്നണികള്‍ തോട്ടം തൊഴിലാളികളുടെ വോട്ട് ഉറപ്പിക്കുന്നത്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷവും രണ്ടര മാസവും പിന്നിട്ടിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ലെങ്കിലും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 50 രൂപയുടെ ഇടക്കാലാശ്വാസം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പി.എല്‍.സി (പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി) യോഗത്തിലാണ് ഇടക്കാലാശ്വാസമായി 50 രൂപ നല്‍കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം ഫെബ്രുവരി മാസത്തിലെ ശമ്പളത്തിനൊപ്പം തൊഴിലാളികള്‍ക്ക് ആശ്വാസ തുക ലഭിച്ചു. മിനിമം വേതനം 600 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യമെങ്കിലും ഇത് മാനേജ്‌മെന്റ് അംഗീകരിക്കില്ലെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പിനു മുമ്പ് താല്‍കാലിക പ്രശ്‌നപരിഹാരം എന്ന നിലയ്ക്കാണ് ഇടക്കാലാശ്വാസം മാത്രം നല്‍കാന്‍ തീരുമാനിച്ചത്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ ഇനി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ജൂണില്‍ മാത്രമായിരിക്കും നടക്കുക.
2017 ഡിസംബര്‍ 31നാണ് തോട്ടം മേഖലയിലെ സേവന വേതന വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞത്. തുടര്‍ന്ന് പത്തിലധികം പി.എല്‍.സി യോഗങ്ങള്‍ നടന്നെങ്കിലും ശമ്പള പരിഷ്‌കരണം സംബന്ധിച്ച് തീരുമാനമായിരുന്നില്ല. പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ തോട്ടം മേഖലയിലെ വോട്ട് ചോര്‍ച്ച ക്ഷീണമുണ്ടാക്കുമെന്നുറപ്പായതോടെയാണ് ഇടക്കാലാശ്വാസ പ്രഖ്യാപനം. തോട്ടംമേഖലയിലെ പ്രചാരണ പ്രസംഗങ്ങളിലെ പ്രധാന വിഷയവും ഇടക്കാലാശ്വാസമാകും.
കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും തോട്ടം മേഖലയായ വയനാട്ടില്‍ തോട്ടം തൊഴിലാളികള്‍ പ്രചാരണ വിഷയമായിരുന്നെങ്കിലും മേഖലയിലെ ദുരിതങ്ങള്‍ ഇന്നും പഴയപടി തന്നെയാണ്. ഒന്നും ചെയ്തില്ലെങ്കിലും സംഘടിതരായ തൊഴിലാളികള്‍ കനിയുമെന്ന മുന്നണികളുടെ വിശ്വാസത്തിന് ചെറുതായെങ്കിലും കോട്ടം തട്ടിച്ചത് മൂന്നാറില്‍ തോട്ടം മേഖലയില്‍ രൂപപ്പെട്ട പെണ്ണൊരുമ (പെമ്പിളൈ ഒരുമൈ)യാണ്. ഇതിന്റെ കൂടി ഫലമാണ് 50 രൂപയുടെ ഇടക്കാലാശ്വാസം.
കേന്ദ്ര, കേരള സര്‍ക്കാരുകളുടെ നേട്ടങ്ങളും കോട്ടങ്ങളും പുതിയ പ്രഖ്യാപനങ്ങളും പ്രചാരണങ്ങളില്‍ നിറയുമെങ്കിലും തോട്ടം തൊഴിലാളികള്‍ക്ക് അതില്‍ ഇടമുണ്ടാവാനിടയില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."