ഡല്‍ഹിയില്‍ എ.എ.പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസില്‍ സമാന്തര നീക്കം
ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് പിടിവാശി തുടരുന്നതിനിടെ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം. സഖ്യത്തിനു നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ രാഹുല്‍ഗാന്ധിയെ സമീപിച്ചു.
സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായസര്‍വേ നടത്തിയതിനു ശേഷമാണ് ചാക്കോ ഈ ആവശ്യം ഹൈക്കമാന്‍ഡിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്. ആകെയുള്ള ഏഴു സീറ്റുകളില്‍ ആറിലും എ.എ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സഖ്യത്തിനായി വിട്ടുവീഴ്ചയ്ക്കു തയാറാണ് എ.എ.പി നേതൃത്വം. എന്നാല്‍ ഷീലാ ദീക്ഷിത് സഖ്യം വേണ്ടെന്ന ഉറച്ച നിലപാടിലാണ്. ഗുണമൊന്നുമില്ലാത്ത സഖ്യംകൊണ്ട് എന്തു കാര്യമെന്നാണ് ഷീലയുടെ നിലപാട്.
ഒട്ടും സുരക്ഷിതമല്ല ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ നില. 2014ലെ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളും ബി.ജെ.പിയാണ് നേടിയത്. ഏഴിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. തൊട്ടുപിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും നേടാനാവാതെ കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്ന് പൂര്‍ണമായും പുറത്തായി. 2014ലെ തെരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളിലും ബി.ജെ.പിക്ക് 45 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചു. ബാക്കിയുള്ള ചാന്ദ്‌നി ചൗക്കില്‍ 44.58 ശതമാനമുണ്ട്. എ.എ.പിക്ക് 30 ശതമാനത്തിന് തൊട്ടുതാഴെയും മുകളിലുമായി എല്ലാ മണ്ഡലങ്ങളിലുമുണ്ട്. കോണ്‍ഗ്രസിനു ന്യൂഡല്‍ഹി മണ്ഡലത്തില്‍ ലഭിച്ച 18.50 ശതമാനമാണ് ഏറ്റവും വലുത്. ഏറ്റവും കുറവ് സൗത്ത് ഡല്‍ഹിയില്‍. 11.35 ശതമാനം. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ 11.61 ശതമാനമേയുള്ളൂ. കപില്‍ സിബലിന്റെ മണ്ഡലമായിരുന്ന ചാന്ദ്‌നി ചൗക്കില്‍ 17.94 ശതമാനം മാത്രം.
കോണ്‍ഗ്രസിനു രണ്ടു സീറ്റുകളാണ് എ.എ.പി വാഗ്ദാനം ചെയ്തത്. ഒരു എം.എല്‍.എ പോലുമില്ലാത്ത പാര്‍ട്ടിക്ക് അതു തന്നെ കൂടുതലാണെന്നാണ് എ.എ.പി നിലപാട്. എന്നാല്‍ മൂന്നു സീറ്റുകളില്‍ വീതം കോണ്‍ഗ്രസും എ.എ.പിയും മത്സരിക്കുകയും ഒരു സീറ്റില്‍ പൊതുസമ്മതനായ സ്വതന്ത്രനെ നിര്‍ത്തുകയും ചെയ്യണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എ.എ.പി വ്യക്തമാക്കുന്നു. ചാന്ദ്‌നിചൗക്കും ന്യൂഡല്‍ഹിയും കോണ്‍ഗ്രസിന് നല്‍കാമെന്നാണ് അവര്‍ പറയുന്നത്. ന്യൂഡല്‍ഹിയില്‍ നിന്ന് അജയ്മാക്കനും ചാന്ദ്‌നി ചൗക്കില്‍ നിന്ന് കപില്‍സിബലുമായിരുന്നു ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ശക്തിയുള്ള കാലത്ത് തെരഞ്ഞെടുക്കപ്പെടാറ്. കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന മൂന്നാം സീറ്റ് സൗത്ത് ഡല്‍ഹിയാണ്.
സീറ്റു വിഹിതംവക്കുന്നതിലെ തര്‍ക്കം വെറുതെ ഒരു കാരണമാക്കുന്നുവെന്നെയുള്ളൂ. കോണ്‍ഗ്രസിനെ ഡല്‍ഹി ഭരണത്തില്‍ നിന്ന് തൂത്തെറിഞ്ഞ എ.എ.പിയുമായി സമരസപ്പെടാന്‍ ഷീലാ ദീക്ഷിത് ഉള്‍പെടെയുളള ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കള്‍ക്കു കഴിഞ്ഞിട്ടില്ല. അതോടൊപ്പം കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ എ.എ.പി പ്രധാന എതിരാളിയുമാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങും സഖ്യത്തിനെതിരാണ്. കഴിഞ്ഞ തവണത്തെ വോട്ടുവിഹിതം വച്ചു നോക്കിയാല്‍ ഇരു പാര്‍ട്ടികളും ചേര്‍ന്നാല്‍ വെസ്റ്റ് ഡല്‍ഹി ഒഴികെയുള്ള മണ്ഡലങ്ങളെല്ലാം പിടിക്കാനാവും. സഖ്യം സംബന്ധിച്ച് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും തമ്മില്‍ നിലവില്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സീറ്റ് വിഹിതംവയ്പ്പല്ല, നേതാക്കള്‍ക്കിടയിലെ താന്‍പോരിമ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഷീലാ ദീക്ഷിതിന് കെജ്‌രിവാളിനോടുളള എതിര്‍പ്പ് ലഘൂകരിക്കാനായാല്‍ ബാക്കിയെല്ലാം എളുപ്പമാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."