യു.എസ് വിമാനത്തില്‍ വലിച്ചിഴക്കപ്പെട്ട ഡോക്ടര്‍ നിയമയുദ്ധത്തിന്
ചിക്കാഗോ: കഴിഞ്ഞ ദിവസം അമേരിക്കയിലെ യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്താക്കിയ വിയറ്റ്നാം സ്വദേശിയായ ഡോക്ടര്‍ നിയമയുദ്ധത്തിനൊരുങ്ങുന്നു.
ചിക്കാഗോയിലെ ഒഹാരേ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഡേവിഡ് ദാവോ എന്ന ഏഷ്യക്കാരനെ സീറ്റില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്താക്കിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പരുക്കേറ്റ ഡോക്ടര്‍ ചിക്കാഗോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇല്ലിനോയിസിലെ സ്റ്റേറ്റ് കോടതിയിലാണ് ഡേവിഡ് ദാവോ കേസ് ഫയല്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട വിഡിയോ, യാത്രക്കാരുടെ ലിസ്റ്റ്, വോയ്സ് റെക്കോര്‍ഡ്സ് എന്നിവയുള്‍പ്പെടെ കോടതിയില്‍ ഹാജരാക്കാന്‍ യുനൈറ്റഡ് എയര്‍ലൈന്‍സിനോടും ചിക്കാഗോ സിറ്റിയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചിക്കാഗോ സിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് യുനൈറ്റഡ് എയര്‍ലൈന്‍സ്. കമ്പനി സി.ഇ.ഒ മുനോസ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ട് ഓണ്‍ലൈന്‍ പെറ്റീഷനുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് 64,000 പേര് ഒപ്പിട്ടതും മറ്റൊന്ന് 75,000 പേര് ഒപ്പിട്ടതുമാണ്.
സംഭവത്തെ തുടര്‍ന്ന് യുനൈറ്റഡ് എയര്‍ലൈന്‍സ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വിയറ്റ്നാമില്‍ വന്‍പ്രതിഷേധം നടന്നിരുന്നു. ജീവനക്കാരുടെ പ്രവൃത്തിയെ ആദ്യം ന്യായീകരിച്ച കമ്പനി പിന്നീട് പ്രതിഷേധത്തിലേക്ക് വഴിവച്ചതോടെ മാപ്പു പറഞ്ഞിരുന്നു. യുനൈറ്റഡ് എയര്‍ലൈന്‍സ് സി.ഇ.ഒ ഓസ്കാര്‍ മുനോസ് ആണ് വലിച്ചിഴക്കപ്പെട്ട യാത്രക്കാരനോടും മറ്റു യാത്രക്കാരോടുമായി മാപ്പു ചോദിച്ചത്. യാത്ര ചെയ്യാന്‍ സാധിക്കാതിരുന്ന എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് തുക തിരികെ നല്‍കിയെന്നും യുനൈറ്റഡ് എയര്‍ലൈന്‍സ് കമ്പനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."