യു.എന്നില്‍ സിറിയയെ രക്ഷിച്ച് റഷ്യ
മോസ്‌കോ: സിറിയയിലെ ഖാന്‍ ശൈഖൂനില്‍ നടന്ന രാസായുധ ആക്രമണത്തിനെതിരായ യു.എന്‍ രക്ഷാസമിതി പ്രമേയം റഷ്യ വീറ്റോ ചെയ്തു. രാസായുധ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സിറിയന്‍ സര്‍ക്കാര്‍ സഹകരിക്കമെന്ന പ്രമേയത്തിന്റെ കരടാണ് റഷ്യ വീറ്റോ ചെയ്തത്. സിറിയയിലെ രാസായുധ ആക്രമണത്തെ കഴിഞ്ഞ ആഴ്ച യു.എന്‍ രക്ഷാസമിതി അപലപിച്ചിരുന്നു. എട്ടാമത്തെ തവണയാണ് സിറിയയെ യു.എന്‍ രക്ഷാസമിതിയില്‍ റഷ്യ രക്ഷപ്പെടുത്തുന്നത്. വോട്ടെടുപ്പില്‍ നിന്ന് വീറ്റോ അധികാരമുള്ള ചൈന വിട്ടുനിന്നു.
ചില സന്നദ്ധസംഘടനകള്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രമേയം കൊണ്ടുവന്നതെന്നും അതാണ് റഷ്യ വീറ്റോ ചെയ്യാന്‍ കാരണമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സകറോവ പറഞ്ഞു. പാശ്ചാത്യരാജ്യങ്ങളുടെ പ്രേരണയാണ് വീറ്റോക്ക് കാരണമായതെന്ന് റഷ്യന്‍ ഉപ വിദേശകാര്യ മന്ത്രി സെര്‍ജി റയാബകോവും പറഞ്ഞു.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് രാജ്യങ്ങള്‍ ചേര്‍ന്നാണ് സിറിയക്കെതിരേ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ റഷ്യയുടെ പ്രതിനിധി രൂക്ഷമായും ദേഷ്യത്തോടെയും പ്രതികരിച്ചു. ഈമാസം നാലിന് ഖാന്‍ ശൈഖൂനില്‍ നടന്ന രാസായുധ ആക്രമണത്തെ തുടര്‍ന്ന് 80 പേര്‍ മരിച്ചതായാണ് പ്രമേയത്തില്‍ പറയുന്നത്. ഇതിനു പിന്നാലെ അമേരിക്ക സിറിയയില്‍ മിസൈല്‍ ആക്രമണത്തിലൂടെ സിറിയന്‍ സൈനിക താവളം തകര്‍ത്തിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനു വേണ്ടിയാണ് പ്രമേയം കൊണ്ടുവന്നത്. ഇതുപ്രകാരം രാസായുധ ആക്രമണം സ്ഥിരീകരിക്കപ്പെട്ടാല്‍ സിറിയന്‍ സര്‍ക്കാരിനെതിരേ യുദ്ധക്കുറ്റം ചുമത്തി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കുറ്റവിചാരണ നടത്താം. ഈ നീക്കമാണ് റഷ്യ മുളയിലേ നുള്ളിയത്. പ്രമേയം പാസായാല്‍ സൈനിക വിവരങ്ങള്‍ പോലും സിറിയ അന്വേഷണ ഏജന്‍സിക്ക് കൈമാറേണ്ടിവരും. ആക്രമണം നടന്ന ദിവസത്തെ വിമാനരേഖകളടക്കം ആവശ്യപ്പെടാം.
വീറ്റോ അധികാരമില്ലാത്ത എത്യോപ്യ, കസാഖിസ്ഥാന്‍ എന്നിവയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. റഷ്യയ്ക്ക് പിന്തുണ നല്‍കിയ ബൊളീവിയ ഒഴികെ മറ്റു രാജ്യങ്ങളെല്ലാം പ്രമേയത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ റഷ്യന്‍ നടപടിയെ വിമര്‍ശിച്ചു. അസദിനെ രക്ഷിക്കാനുള്ള റഷ്യന്‍ ശ്രമം അന്താരാഷ്ട്രതലത്തില്‍ റഷ്യയെ ഒറ്റപ്പെടുത്തുമെന്ന് അവര്‍ വ്യക്തമാക്കി. സ്വന്തം ജനതയ്ക്കുമേല്‍ അസദ് ബാരല്‍ ബോംബ് വര്‍ഷിച്ച് മറ്റുള്ളവരാണ് അതു ചെയ്തതെന്ന് കുറ്റപ്പെടുത്തുകയാണ് പതിവെന്നും ഹാലെ പറഞ്ഞു. റഷ്യയുടെ അറിവില്ലാതെ സിറിയ ആക്രമണം നടത്തുമെന്ന് വിശ്വസിക്കുന്നില്ലെന്ന് നാറ്റോ സെക്രട്ടറി ജനറിലിനൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞു. ചൈനയുടെ ഒഴിഞ്ഞുമാറലും ട്രംപ് ചൂണ്ടിക്കാട്ടി. അതില്‍ അത്ഭുതപ്പെടാനില്ലെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. 2011 ലെ സിറിയന്‍ യുദ്ധം തുടങ്ങിയതു മുതല്‍ ആറു പ്രമേയങ്ങളില്‍ ചൈന വോട്ടുചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."