കാവല്‍ക്കാരന്‍ സമ്പന്നര്‍ക്കു മാത്രം; മോദിയുടെ പ്രയോഗത്തെ പരിഹസിച്ച് പ്രിയങ്ക
ലഖ്‌നൗ: ബി.ജെ.പിയുടെ 'ഞാനും കാവല്‍ക്കാരനാണ്(മേം ഭീ ചൗക്കീദാര്‍)' കാംപയിനെ പരിഹസിച്ച് എ.ഐ.സി.സി ജന. സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സമ്പന്നര്‍ക്കു മാത്രമാണ് കാവല്‍ക്കാരുള്ളതെന്നും കര്‍ഷകര്‍ക്കല്ലെന്നും പ്രിയങ്ക പറഞ്ഞു.
പശ്ചിമ ഉത്തര്‍പ്രദേശിലെ ഒരുസംഘം ഉരുളക്കിഴങ്ങ് കര്‍ഷകരില്‍ ഒരാള്‍ തന്നോടു പറഞ്ഞത് സമ്പന്നര്‍ക്കു മാത്രമാണ് കാവല്‍ക്കാരുള്ളതെന്നും തങ്ങള്‍ കര്‍ഷകര്‍ക്ക് തങ്ങള്‍ തന്നെയാണ് കാവല്‍ക്കാരെന്നുമാണെന്ന് അവര്‍ പറഞ്ഞു. ഗംഗായാത്രയ്ക്കു തുടക്കം കുറിച്ച് പ്രയാഗ് രാജില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
മൂന്നു ദിവസം തുടരുന്ന ഗംഗായാത്രയെന്ന പേരില്‍ ഇന്നലെ പ്രയാഗ് രാജില്‍ നിന്നാണ് പ്രിയങ്ക ബോട്ടില്‍ ഗംഗാനദിയിലൂടെ യാത്ര തുടങ്ങിയത്. മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസി വരെ 140 കിലോമീറ്റര്‍ ദൂരത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ യാത്ര. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ജന്മസ്ഥലമാണ് പ്രയാഗ് രാജ്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്ത ചടങ്ങോടെയാണ് യാത്രയ്ക്കു തുടക്കമായത്.
ഞായറാഴ്ച ഉച്ചയ്ക്കു ശേഷം തന്നെ പ്രിയങ്ക ലഖ്‌നൗവില്‍ എത്തിയിരുന്നു. ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തി സത്യസന്ധമായി സംവദിക്കുകയെന്ന ലക്ഷ്യംവച്ചാണ് താന്‍ യാത്ര നടത്തുന്നതെന്ന് പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ കാലാവസ്ഥ മാറ്റുകയെന്നത് യാത്രയുടെ മുഖ്യ അജന്‍ഡയാണെന്നും അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.
പ്രയാഗ്‌രാജ് ജില്ലയിലെ കച്ചാറിനടുത്ത മാനിയാ ഘട്ടില്‍ നിന്ന് ഇന്നലെ രാവിലെയാണ് ഗംഗായാത്ര തുടങ്ങിയത്. ഗംഗാ നദീതീരങ്ങളില്‍ താമസിക്കുന്ന മല്ലാ, കെവാത്ത്, നിഷാദ് തുടങ്ങിയ സമുദായങ്ങളിലെ മീന്‍പിടുത്തക്കാര്‍, കര്‍ഷകര്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിച്ചാണ് അവര്‍ പ്രചാരണം നടത്തുന്നത്.
യാത്രയില്‍ ബോട്ടില്‍ വച്ച് വിദ്യാര്‍ഥികളുമായി പ്രിയങ്കയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംവദിച്ചു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ജനങ്ങളെ സന്ദര്‍ശിച്ച ശേഷം വൈകുന്നേരത്തോടെ സീതാമര്‍ഹി ഘട്ടില്‍ എത്തി.
30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ ഉള്‍നാടന്‍ മേഖലകളിലൂടെയുളള തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് നായകത്വം വഹിക്കാന്‍ നിയോഗിക്കപ്പെട്ട പ്രിയങ്ക, വലിയ ചലനമാണ് സംസ്ഥാനത്തു സൃഷ്ടിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
യാത്രയുടെ അവസാന ദിനമായ ബുധനാഴ്ച മുന്‍പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ വാരണാസിയിലെ വസതി സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."