ന്യൂസിലന്‍ഡ് കൂട്ടക്കൊല: ഭീകരന്റെ മാനിഫെസ്റ്റോയില്‍ നടക്കാത്ത സ്വപ്‌നങ്ങള്‍
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് മുസ്‌ലിം പള്ളികളിലായി 50 പേരെ വെടിവച്ചുകൊന്ന ഭീകരന്‍ ബ്രന്‍ഡന്‍ ടാറന്റ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത 'മാനിഫെസ്റ്റോ' (പ്രകടനപത്രിക) അയാളുടെ വ്യക്തിത്വത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നു. കറുത്ത വര്‍ഗക്കാരെയും കുടിയേറ്റക്കാരെയും മുസ്‌ലിംകളെയും വെറുക്കുന്ന ഇയാള്‍ യൂറോപ്യനാണെന്നതില്‍ പരിധിവിട്ട് അഭിമാനിച്ചിരുന്നതായി മാനിഫെസ്റ്റോയില്‍ പറയുന്നു.
അമേരിക്കയിലെ കടുത്ത വംശീയവാദിയായ കാന്‍ഡേസ് ഓവന്‍സാണ് തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിയെന്ന് ടാറന്റ് തുറന്നുപറയുന്നു. കാന്‍ഡേസിന്റെ പ്രസംഗം കേള്‍ക്കുമ്പോഴെല്ലാം താന്‍ തരിച്ചുനിന്നുപോയിട്ടുണ്ട്. അവരുടെ വീക്ഷണങ്ങള്‍ തന്നെ അക്രമോത്സുകതയിലേക്കെത്താന്‍ സഹായിച്ചു. വെള്ളക്കാരുടെ മഹത്വം ഉദ്‌ഘോഷിക്കുന്ന 29കാരിയായ ഓവന്‍സ് യു.എസിലെ അറിയപ്പെട്ട കമന്റേറ്ററും രാഷ്ട്രീയ പ്രവര്‍ത്തകയുമാണ്. ട്രംപ് അനുകൂലിയായ ഇവര്‍ ഹിറ്റ്‌ലറുടെ ദേശീയത നല്ലതായിരുന്നു എന്ന് തുറന്നുപറഞ്ഞിട്ടുമുണ്ട്.
യൂറോപ്യര്‍ മഹത്വമുള്ളവരായി ടാറന്റ് കരുതിയിരുന്നതായി അയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത 74 പേജുള്ള മാനിഫെസ്റ്റോയില്‍ പറയുന്നു. അതില്‍ എന്റെ ഭാഷയുടെ ഉറവിടം യൂറോപ്യനാണ്, എന്റെ സംസ്‌കാരം യൂറോപ്യനാണ്, എന്റെ രക്തം യൂറോപ്യനാണ് എന്നിങ്ങനെയാണുള്ളത്. കുടിയേറ്റ വിരുദ്ധ നവ ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ് അതില്‍ തെളിയുന്നത്.
സ്വയം ഒരു വെള്ളക്കാരനെന്ന് വിശേഷിപ്പിക്കുന്ന ടാറന്റ് തനിക്ക് ദക്ഷിണാഫ്രിക്കന്‍ മുന്‍ നേതാവും വര്‍ണവിവേചനത്തിനെതിരേ പോരാടിയ വ്യക്തിയുമായ നെല്‍സന്‍ മണ്ടേലക്കു ലഭിച്ചപോലെ 27 വര്‍ഷത്തെ ജയില്‍വാസമാവും ശിക്ഷയായി കിട്ടുകയെന്നും അതു കഴിഞ്ഞാല്‍ നൊബേല്‍ സമ്മാനം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കൂട്ടക്കൊല നടത്തുന്നതിനു മുമ്പേ കണക്കുകൂട്ടിയിരുന്നു. പിതാവിന്റെ മരണശേഷം ലഭിച്ച സ്വത്തു വിറ്റു കിട്ടിയ പണമുപയോഗിച്ച് യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ യാത്രചെയ്യുന്നതിനിടെയാണ് പ്രതി കടുത്ത വംശീയവാദിയായതെന്നു കരുതുന്നു. പിതാവിന്റെ മരണശേഷം ഫ്രഞ്ച് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് നടത്തിയ യാത്രക്കിടെയാണ് ടാറന്റില്‍ മാറ്റങ്ങളുണ്ടായതെന്ന് ഇയാള്‍ ജോലി ചെയ്ത ജിംനേഷ്യത്തിന്റെ ഉടമ ട്രേസി ഗ്രേ പറഞ്ഞു.
അതേസമയം കൊലയാളിയുടെ ഓണ്‍ലൈന്‍ പോസ്റ്റിനെ കുറിച്ച് സുരക്ഷാവിഭാഗം എന്തുകൊണ്ട് അറിഞ്ഞില്ലെന്നത് ദുരൂഹമാണെന്ന് മുന്‍ ക്രൈസ്റ്റ് ചര്‍ച്ച് മേയര്‍ ബോബ് പാര്‍ക്കര്‍ അഭിപ്രായപ്പെട്ടു. കുറ്റവാളികളായി സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ടാറന്റ് ഇല്ലായിരുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൊലയാളിക്കൊപ്പം മൂന്നുപേരെ കൂടി നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ടാറന്റ് തനിയെയാണ് കൊല നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. അതോടെ രണ്ടു പള്ളികളിലും വെടിവയ്പ് നടത്തിയത് ഒരേയാളാണെന്നു വ്യക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."