വളയം പിടിക്കാന്‍ വളഞ്ഞ വഴി...!
മഞ്ചേരി: പി.എസ്.സി റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാക്കി സംസ്ഥാനത്ത് താല്‍ക്കാലിക നിയമനങ്ങള്‍ തകൃതിയായി നടക്കുന്നു. വിവിധ വകുപ്പുകള്‍ക്ക് കീഴിലെ ഡ്രൈവര്‍ തസ്തികകളിലേക്ക് വ്യാപകമായ രീതിയിലാണ് പിന്‍വാതില്‍ നിയമനം നടക്കുന്നത്.
സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ അവസരം കാത്ത് കഴിയുന്ന നാലായിരത്തോളം ഉദ്യോഗാര്‍ഥികളുണ്ട്. ഇവരെ പരിഗണിക്കാതെയാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നത്. ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ വകവെക്കാതെ നിയമനങ്ങള്‍ തുടരുകയാണെന്നാണ് ആരോപണം.
ഏറ്റവും ഒടുവില്‍ സംസ്ഥാനത്തെ 14 ജില്ലാ ഓഡിറ്റ് ഓഫിസുകളുടെ വാഹനങ്ങളിലേക്കും താല്‍ക്കാലിക നിയമനങ്ങളാണ് നടത്തിയത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുമിറക്കി.
സംസ്ഥാനത്തെ ഓഡിറ്റിങ് ഓഫിസുകളിലേക്ക് അനുവദിച്ച 14 വാഹനങ്ങളിലും ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്റിനെയാണ് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ചത്. നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2021 ഫെബ്രുവരിയില്‍ അവസാനിക്കും. റാങ്ക് ലിസ്റ്റില്‍ നിന്ന് നാമമാത്രമായ നിയമനങ്ങള്‍ നടത്തി പി.എസ്.സി തങ്ങളെ വഞ്ചിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
സംസ്ഥാനത്തെ താലൂക്ക് ഓഫിസുകള്‍, പൊതുമരാമത്ത്, ജി.എസ്.ടി, ലീഗല്‍ മെട്രോളജി, കൃഷി, വിദ്യാഭ്യാസം, ആര്‍.ടി.ഒ, ട്രഷറി, ഓഡിറ്റ്, സാംസ്‌കാരിക വകുപ്പ്, ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരാസൂത്രണം, ജലവകുപ്പ്, മൃഗസംരക്ഷണം തുടങ്ങിയവയില്ലെല്ലാം രാഷ്ട്രീയ സ്വാധീനത്താല്‍ ജോലി നേടിയവരാണ് കൂടുതലും.
സംസ്ഥാനത്ത് ജി.എസ്.ടി വകുപ്പില്‍ മാത്രം 229 താല്‍ക്കാലിക നിയമനങ്ങളാണ് നടന്നത്.
താല്‍ക്കാലിക നിയമനം അവസാനിപ്പിച്ച് പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് 14 ജില്ലകളിലേയും ഉദ്യോഗാര്‍ഥികള്‍ നിയമപോരാട്ടം തുടങ്ങിയിട്ടുണ്ട്.
ഡ്രൈവര്‍ തസ്തികയില്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍
തിരുവനന്തപുരം: 252, കൊല്ലം: 244, ഇടുക്കി: 258, പത്തനംതിട്ട: 148, ആലപ്പുഴ: 140, എറണാകുളം: 286, തൃശൂര്‍: 275, കോട്ടയം: 230, പാലക്കാട്: 750, മലപ്പുറം: 231, കോഴിക്കോട്: 307, കണ്ണൂര്‍ : 250, വയനാട്: 162, കാസര്‍കോട്: 250.
താല്‍ക്കാലിക നിയമനം നേടിയവര്‍
കാസര്‍കോട്: 500, കണ്ണൂര്‍: 112, വയനാട്: 99, കോഴിക്കോട്: 145, മലപ്പുറം: 169, പാലക്കാട് : 160, തൃശൂര്‍: 240, എറണാകുളം: 147, ഇടുക്കി: 215, കോട്ടയം: 147, ആലപ്പുഴ: 160, പത്തനംതിട്ട: 100, കൊല്ലം: 187, തിരുവനന്തപുരം: 102
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."