എടക്കടവ് ഗ്രാമസഭയില്‍ മുഖ്യമന്ത്രിയും
കണ്ണൂര്‍: തന്റെ വാര്‍ഡിലെ ഗ്രാമസഭയിലെ വാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ടെത്തി. പിണറായി പഞ്ചായത്തിലെ എടക്കടവ് ഗ്രാമസഭയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്തത്.
പദ്ധതി ആസൂത്രണഘട്ടം മുതല്‍ തന്നെ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തി ഗ്രാമസഭകളെ ശക്തിപ്പെടുത്തുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ആസൂത്രണ ഗ്രാമസഭയില്‍ മുഖ്യമന്ത്രി പങ്കെടുത്തത്. പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തിലെ 121ാമത് വോട്ടറാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ആസൂത്രണ - നിര്‍വഹണ രംഗത്ത് പിണറായിയെ സംസ്ഥാനത്തെ മികച്ച പഞ്ചായത്താക്കി മാറ്റിയെടുക്കണമെന്നു ഗ്രാമസഭ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. പിണറായിയെ തരിശുരഹിത-വിശപ്പ് രഹിത പഞ്ചായത്താക്കി മാറ്റണം. പട്ടിണി കിടക്കുന്നവര്‍ക്കു ഭക്ഷണമെത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം.
അഗതികളില്ലാത്ത പ്രദേശമായി പഞ്ചായത്തിനെ മാറ്റിയെടുക്കണമെന്നും സാന്ത്വനപരിചരണ രംഗത്ത് മികച്ച മാതൃകകള്‍ സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എടക്കടവ് കെട്ട്താങ്ങിക്കു സമീപം നടന്ന ഗ്രാമസഭയില്‍ 106 വയസുള്ള വണ്ണത്താന്‍ കുനിയില്‍ അണിയേരി നാരായണിയമ്മ ഉള്‍പ്പെടെ നൂറുകണക്കിനു പ്രദേശവാസികള്‍ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ഗ്രാമസഭയിലെത്തി.
വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗ്രാമസഭ ചര്‍ച്ച ചെയ്തത്. ഗ്രാമസഭയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗീതമ്മ അധ്യക്ഷയായി.
കില ഡയറക്ടര്‍ പി.പി ബാലന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയായ പി. ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ വി.കെ പ്രമീള, പഞ്ചായത്ത് സെക്രട്ടറി സി.എം പ്രേമന്‍, ജില്ലാ ആസൂത്രണസമിതി അംഗം കെ.വി ഗോവിന്ദന്‍, പി.വി രത്‌നാകരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."