ഇന്ത്യാ- ചൈന തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറെന്ന് ട്രംപ്
വാഷ്ങ്ടണ്‍: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ തര്‍ക്കത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചക്കും, മധ്യസ്ഥതക്കും തയ്യാറാണെന്ന് ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം, സ്ഥിതി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം അറിയിച്ചു. അതിര്‍ത്തി പ്രതിസന്ധി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം റിട്ടയേഡ് ലഫ്റ്റനന്റ് ജനറല്‍ എസ്.എല്‍ നരസിംഹന്‍ പറഞ്ഞു. നേരത്തെയുള്ളതാണ് സംഘര്‍ഷം. പല തവണ ചര്‍ച്ച ചെയ്തു കഴിഞ്ഞു. അതിര്‍ത്തിയില്‍ കമാന്‍ഡര്‍മാര്‍ തമ്മിലും നയതന്ത്ര തലത്തിലും ചര്‍ച്ച ചെയ്യുന്നുണ്ടെന്നും നരസിംഹന്‍ പറഞ്ഞു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ചൈനയും പ്രതികരിച്ചിട്ടുണ്ട്.
കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണാതിര്‍ത്തിയിലാണ് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നത്. ഇവിടെ ചൈനയുടെ 10,000 ലധികം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരും വാഹനങ്ങളും തമ്പടിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയും അത്ര തന്നെ സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇതിനിടെ എല്ലാ വര്‍ഷവും ജൂണ്‍ ഒന്നു മുതല്‍ നടക്കാറുള്ള ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഇത്തവണ നിര്‍ത്തിവച്ചു. ഗല്‍വാന്‍ നദീ താഴ്‌വരയിലെ പ്രദേശങ്ങളില്‍ ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഇന്ത്യ പുതിയ റോഡ് നിര്‍മ്മിച്ചിരുന്നു. ചൈനയും അവരുടെ അതിര്‍ത്തിയില്‍ നിര്‍മ്മാണങ്ങള്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."