ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി അധ്യക്ഷനാക്കി ഐ ഗ്രൂപ്പ് സമവായത്തിന്
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സമവായത്തിനുള്ള നീക്കവുമായി നേതാക്കള്‍. ഉമ്മന്‍ ചാണ്ടിയെ കെ.പി.സി.സി അധ്യക്ഷനാക്കി താഴെത്തട്ടില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. എ.ഐ.സി.സി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ഏതു രീതിയിലെന്നതില്‍ വ്യക്തത വന്നിട്ടില്ല. സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി പിടിച്ചെടുക്കാനാണ് എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ബൂത്ത് തലം മുതല്‍ ശക്തമായ സംവിധാനമുള്ള എ ഗ്രൂപ്പ് ആത്മവിശ്വാസത്തിലാണ്. തെരഞ്ഞെടുപ്പ് നടക്കട്ടെയെന്ന നിലപാടിലാണ് എ ഗ്രൂപ്പ് നേതൃത്വം. ബൂത്ത് തലം മുതല്‍ തെരഞ്ഞെടുപ്പിലൂടെ സംഘടന പിടിച്ചെടുക്കാനാവുമെന്ന കണക്ക് കൂട്ടലിലാണ് എ ഗ്രൂപ്പിന്റെ നീക്കവും. തെരഞ്ഞെടുപ്പിലൂടെ കെ.പി.സി.സി അധ്യക്ഷനാവുന്നതിനോട് ഉമ്മന്‍ചാണ്ടിക്ക് എതിര്‍പ്പില്ല. എന്നാല്‍, കാര്യമായ സംഘടനാ ശേഷി താഴെത്തട്ടില്‍ ഇല്ലാത്ത ഐ ഗ്രൂപ്പ് തെരഞ്ഞെടുപ്പിനെ ഭയക്കുന്നുണ്ട്.
പല ഗ്രൂപ്പുകളുടെ കോഡിനേഷന്‍ മാത്രമായി മാറിയ ഐ ഗ്രൂപ്പിന് സംഘടനാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തിയില്ല. ഐ ഗ്രൂപ്പിലെ തലയെടുപ്പുള്ള നേതാക്കള്‍ പലതട്ടുകളിലാണ്. കെ മുരളീധരന്‍, കെ.സി വേണുഗോപാല്‍, കെ സുധാകരന്‍ ഉള്‍പ്പെടെ നേതാക്കള്‍ ഐയെന്നു പറയുന്നുണ്ടെങ്കിലും പലവഴിക്കാണ്. സംഘടനാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരനും സംഘവും എ ഗ്രൂപ്പിനൊപ്പം നിലയുറപ്പിക്കാനാണ് സാധ്യത.
കെ.സി വേണുഗോപാല്‍ എല്ലാ ജില്ലകളിലും സ്വന്തം പക്ഷത്ത് ആളെ കൂട്ടിയുള്ള നീക്കം നടത്തുന്നുണ്ട്. അധ്യക്ഷനാവാന്‍ ആഗ്രഹിക്കുന്ന കെ സുധാകരനും ഇതേ നീക്കമാണ് നടത്തുന്നത്. പല ഗ്രൂപ്പുകളുടെ കോഡിനേഷനായ ഐ ഗ്രൂപ്പിന് കെ കരുണാകരന്റെ കാലത്തേത് പോലെ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് സമവായത്തില്‍ മതിയെന്ന നിലപാടിലാണ് നേതാക്കളിലേറെയും. വി.എം സുധീരന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ അദ്ദേഹത്തെ പിന്തുണച്ചിരുന്ന നേതാക്കളും നിരാശയിലാണ്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി സാഹചര്യം വഷളാക്കരുതെന്ന നിലപാടിലാണ് നേതാക്കളിലേറെയും. അടുത്തിടെ നിയമിക്കപ്പെട്ട ഡി.സി.സി അധ്യക്ഷന്‍മാരെ നിലനിര്‍ത്തുന്നതിനൊപ്പം കെ.പി.സി.സി അംഗങ്ങളെയും ബ്ലോക്ക്,മണ്ഡലം ഭാരവാഹികളെയും സമവായത്തിലൂടെ തെരഞ്ഞെടുക്കുക, ബൂത്ത് കമ്മിറ്റികളില്‍ മാത്രം തെരഞ്ഞെടുപ്പ് നടത്തുക, കെ.പി.സി.സി അധ്യക്ഷനെയും ഭാരവാഹികളെയും നിശ്ചയിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിന് കൈമാറുക എന്നതാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്.
1991 ലാണ് അവസാനമായി കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. സമവായ ശ്രമം ഉണ്ടായാല്‍ അധ്യക്ഷനായി ഉമ്മന്‍ചാണ്ടി വരുന്നതിനെ ഐ ഗ്രൂപ്പ് എതിര്‍ക്കാനിടയില്ല. ഇതിനിടെ താല്‍ക്കാലികമായി കിട്ടിയ സ്ഥാനം നിലനിര്‍ത്താന്‍ എം.എം ഹസന്‍ ഡല്‍ഹിയില്‍ എത്തി നീക്കം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."