'സേഫ് ' മൂന്നാംഘട്ടത്തിന് തുടക്കം
കൊല്ലം: കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീസുരക്ഷ, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനുമായി കൊല്ലം സിറ്റി പൊലിസ്, വിദ്യാഭ്യാസ വകുപ്പ്, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ എന്നിവ ചേര്‍ന്നു നടപ്പാക്കുന്ന സേഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിനു തുടക്കം. വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതിരോധമാണ് ഏറ്റവും നല്ല സുരക്ഷാമാര്‍ഗമെന്നു കുട്ടികള്‍ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു. പുതുതലമുറയില്‍ സുരക്ഷിതത്വബോധം സൃഷ്ടിക്കാനാണ് പോലീസ് മുന്‍കൈയെടുത്ത് സേഫ് പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത്. സമൂഹത്തിന്റെയാകെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കാന്‍ കുട്ടികളും തയാറാകണം.
വഴിതെറ്റിക്കാനെത്തുന്നവരെ തിരിച്ചറിയുന്നതിനൊപ്പം ക്രിമിനലുകളെ ചെറുത്തുതോല്‍പ്പിക്കാനുള്ള ശ്രമവും വിദ്യാര്‍ഥികളില്‍ നിന്നുണ്ടാകണമെന്നു മന്ത്രി ഓര്‍മിപ്പിച്ചു.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ. അരുള്‍ ആര്‍.ബി കൃഷ്ണ പദ്ധതി അവതരിപ്പിച്ചു. ഐ.എസ്.ആര്‍.ഒ മുന്‍ ഡയറക്ടര്‍ ഡോ. എ.ജി. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഷിഹാബുദ്ദീന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ വില്‍മ മേരി, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി. പരമേശ്വരന്‍കുട്ടി, പൊലിസ് അസോസിയേഷന്‍ ഭാരവാഹികളായ ബി.എസ് സനോജ്, കെ. ബാലന്‍ പങ്കെടുത്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ നേരിടുന്നതിനു സമൂഹത്തെ സജ്ജമാക്കുന്നതിനായി സേഫ് പദ്ധതിവഴി ഇതുവരെ 380ലധികം ബോധവല്‍ക്കരണ ക്ലാസുകളാണു നടത്തിയത്. മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച ഹ്രസ്വചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."