ബിന്ദുവിന്റെ തിരോധാനം: മുഖ്യപ്രതിയുടെ സുഹൃത്തായ ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചു
ചേര്‍ത്തല : കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയുടെ സുഹൃത്തായ ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചു.
പള്ളിപ്പുറം പഞ്ചായത്ത് പതിനാലാം വാര്‍ഡ് തൈക്കൂട്ടത്തില്‍ എസ്.മനോജാ(46)ണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്നലെ രാവിലെ ഹാജരാകുവാന്‍ മനോജിനോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യപ്രതി സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്ര ചെയ്തിരുന്നത് മനോജിന്റെ ഓട്ടോയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സെബാസ്റ്റ്യന്റെ ഉറ്റസുഹൃത്തായ മനോജിനെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ഇയാള്‍ വലിയ ബാഗില്‍ നിറയെ നോട്ടുകളുമായി പോകുന്നത് കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് വീണ്ടും വിളിപ്പിച്ചത്. ഭാര്യ ജ്യോതിയെ ജോലിക്കും എസ്.എസ്.എല്‍.സി വിദ്യാര്‍ഥിയായ മകള്‍ മീനാക്ഷിയെ സ്കൂളിലും പറഞ്ഞയച്ചശേഷമാണ് മനോജ് വീടിനുള്ളില്‍ തൂങ്ങിയത്.
വീട് അകത്തു നിന്നു പൂട്ടിയിട്ടിരിക്കുന്നതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ ജനല്‍ തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അസ്വഭാവികമരണത്തിന് ചേര്‍ത്തല പൊലിസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക സംഘം ഉള്‍പ്പെടെ മൂന്ന് ടീമുകള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും ബിന്ദുവിനെകുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണറിവ്. നിലവില്‍ ഇടപ്പള്ളിയിലെ വസ്തു വില്പന നടത്തിയത് വ്യാജമുക്ത്യാര്‍ തയ്യാറാക്കിയാണെന്ന് കണ്ടെത്തിയെങ്കിലും ബിന്ദുവിന്റെ മറ്റ് വസ്തുക്കള്‍ കൈമാറ്റം നടത്തിയതിനെകുറിച്ച് അറിയുന്നതിന് ചേര്‍ത്തലയിലെയും സമീപപ്രദേശങ്ങളിലെയും ആറ് സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ പൊലിസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."