റിസര്‍വ് ബാങ്ക് ഗവര്‍ണറെ പുകച്ചുചാടിക്കുമ്പോള്‍
ജീവിതത്തിലാദ്യമായി ആമയെക്കണ്ട ഒരാള്‍ അതു വിവരിച്ചത് ഇങ്ങനെയാണെന്നു കേട്ടിട്ടുണ്ട്: 'കൈകാല്‍ ഉണ്ട്, കൈകാല്‍ ഇല്ല!'
ഭാരതീയ ജനതാപാര്‍ട്ടി നേതാവായ ഡോ സുബ്രഹ്മണ്യന്‍ സ്വാമിയെയും ഇങ്ങനെ പരിചയപ്പെടുത്താമെന്നു തോന്നുന്നു: 'ബി.ജെ.പിയില്‍ ഉണ്ട്, ബി.ജെ.പിയില്‍ ഇല്ല.'
തമിഴ്‌നാട്ടില്‍ വേരുകളുള്ള ഈ കര്‍ണാടകക്കാരനെ കഴിഞ്ഞമാസം പാര്‍ലമെന്റിന്റെ ഉപരിസഭയിലേയ്ക്കു പാര്‍ട്ടി ടിക്കറ്റ് നല്‍കി വീണ്ടും ജയിപ്പിച്ചെടുത്തതാണ്. എന്നാല്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കെതിരേ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളില്‍ പാര്‍ട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നു.
തികച്ചും വ്യക്തിപരമാണു ഡോ. സ്വാമിയുടെ പ്രസ്താവനകളെന്നും പാര്‍ട്ടിക്ക് അതുമായി ബന്ധമില്ലെന്നും പാര്‍ട്ടി വക്താവ് ശ്രീകാന്ത് ശര്‍മ വെളിപ്പെടുത്തുന്നുണ്ട്. അതേസമയം, സ്വാമിക്കെതിരേ ബി.ജെ.പി ഒരു നടപടിയും എടുക്കുന്നുമില്ല.
പബ്ലിസിറ്റി കൊതിച്ച് എന്തെങ്കിലും വിളിച്ചുപറയുന്നവര്‍ ഓര്‍ക്കേണ്ടത് ആരും വ്യവസ്ഥിതികള്‍ക്കു മുകളിലല്ല എന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മ്മപ്പെടുത്തിയതാണ്. ഡോ സ്വാമിയുടെ വിമര്‍ശനങ്ങളില്‍ മനംമടുത്തിട്ടാണോയെന്നറിയില്ല, അടുത്ത സെപ്തംബറില്‍ താന്‍ സ്ഥാനമൊഴിയുകയാണെന്ന് അമ്പതുകാരനായ റിസര്‍ബാങ്ക് ഗവര്‍ണര്‍ രഘുറാം ഗോവിന്ദരാജന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
സാമ്പത്തികവിദഗ്ധനായി ലോകംമുഴുവന്‍ അറിയപ്പെടുന്ന രഘുറാം രാജന്‍ അമേരിക്കയില്‍ ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഉദ്യോഗത്തിലേയ്ക്കാണു പോകുന്നത്. സഊദി അറേബ്യയടക്കമുള്ള കുറേരാജ്യങ്ങള്‍ അദ്ദേഹത്തെ ഉപദേശകനായി കിട്ടാന്‍ യത്‌നിക്കുകയും ചെയ്യുന്നുണ്ട്.
അച്ചടക്കലംഘനത്തിനു പുറത്തിരിക്കേണ്ടിവന്നശേഷം ബി.ജെ.പിയില്‍ തിരിച്ചെത്തിയ സുബ്രഹ്മണ്യന്‍ സ്വാമി സാമ്പത്തികവിദഗ്ധനാണെന്ന കാര്യത്തില്‍ സംശയമില്ല. ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടിയ അദ്ദേഹം അമേരിക്കയില്‍ വിസിറ്റിങ് പ്രഫസറായിരിന്നിട്ടുമുണ്ട്.
ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ വാണിജ്യമന്ത്രി ആയിരുന്ന അദ്ദേഹം സര്‍ക്കാരിന്റെ സാമ്പത്തികപരിഷ്‌കാരങ്ങള്‍ക്കു പശ്ചാത്തലമൊരുക്കുന്നതിലും പങ്കുവഹിക്കുകയുണ്ടായി. എന്നാല്‍, ഈ സിദ്ധികളൊന്നുംതന്നെ മോദി ഗവണ്‍മെന്റില്‍ തനിക്കു മതിയായ അംഗീകാരം നേടിത്തരാന്‍ സഹായിച്ചില്ലെന്ന ദുഃഖം അദ്ദേഹത്തെ വരിഞ്ഞുമുറുക്കുന്നു. ആ മോഹഭംഗം മോദിയുടെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരേയുള്ള വിമര്‍ശനങ്ങളായി അദ്ദേഹം എയ്തുവിട്ടു. വരാനിരിക്കുന്ന സാമ്പത്തികപ്രതിസന്ധി നേരിടാന്‍ ജയ്റ്റ്‌ലി ഒന്നുംചെയ്തില്ലെന്നു കുറ്റപ്പെടുത്തിയാണു തുടങ്ങിയത്. അതു ഫലിക്കാതെ വന്നപ്പോള്‍ ചൈനാ സന്ദര്‍ശനവേളയില്‍ ജയ്റ്റ്‌ലി ധരിച്ച വേഷത്തെക്കുറിച്ചുപോലും അധിക്ഷേപം ചൊരിഞ്ഞു.
ബെയ്ജിങ്ങില്‍ ബാങ്ക് ഓഫ് ചൈനാ ചെയര്‍മാന്‍ ടിയാന്‍ ഗുവോളിയോടൊപ്പം ഇന്ത്യന്‍വേഷം ധരിക്കാതെ കോട്ടും ടൈയുമിട്ട് ജയ്റ്റ്‌ലി പ്രത്യക്ഷപ്പെട്ടപ്പോള്‍ വെയ്റ്ററെപ്പോലെ തോന്നിയെന്നായിരുന്നു ഡോ സ്വാമിയുടെ ട്വിറ്റര്‍ കമന്റ്. വിമര്‍ശനം സഹിക്കവയ്യാതെ ജയ്റ്റ്‌ലി ചൈനാ പര്യടനം വെട്ടിച്ചുരുക്കി തിരിച്ചുപറക്കുകയും പ്രധാനമന്ത്രി മോദിയെ ചെന്നുകണ്ടു സംഗതികള്‍ ധരിപ്പിക്കുകയും ചെയ്തു.
ബി.ജെ.പി നേതൃത്വം സ്വാമിയെ തള്ളിപ്പറയുമ്പോള്‍ത്തന്നെ അച്ചടക്കനടപടികള്‍ ഒന്നും എടുക്കുന്നില്ല എന്നതു ശ്രദ്ധിക്കണം. അതുകാണുമ്പോള്‍ കുട്ടിക്കുരങ്ങിനെക്കൊണ്ടു ചുടുചോറുമാന്തിക്കുകയാണോയെന്നു സംശയിക്കുന്നവരുണ്ടാകും.
ശശി തരൂര്‍ മുതല്‍ സോണിയാഗാന്ധിവരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സ്വാമി നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. ഇന്ത്യയാകെ ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷപദവി റദ്ദാക്കണമെന്നു പറഞ്ഞു നടക്കുന്നു. ബാബരി മസ്ജിദ് യമുനാനദിയുടെ മറുകരയില്‍ സ്ഥാപിച്ചു സുപ്രിംകോടതി വിധിക്കു കാത്തുനില്‍ക്കാതെ അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിനു ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നു വാദിക്കുകയും ചെയ്യുന്നു. റിസര്‍വ് ബാങ്ക് മേധാവിക്കെതിരേ പടവാളിളക്കി സ്വാമി ഇറങ്ങിയതു സ്ഥാപിതതാല്‍പര്യം മുന്‍നിര്‍ത്തിയാണെന്നു സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്താനൊക്കും. ലോകമാകെ സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സാമ്പത്തികരംഗത്തെ സ്വന്തംകാലില്‍ പിടിച്ചുനിര്‍ത്താന്‍ സഹായിച്ച സാമ്പത്തികവിദഗ്ധനാണ് രഘുറാം രാജന്‍.
ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഒരു അന്താരാഷ്ട്രസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍പോയ മന്‍മോഹന്‍സിങ് അമേരിക്കയില്‍ നിന്നുവന്ന രഘുറാംരാജനെന്ന ചെറുപ്പക്കാരനായ പ്രൊഫസറുടെ മികവില്‍ ആകൃഷ്ടനായാണ് അദ്ദേഹത്തെ ഇന്ത്യയിലേയ്ക്കു കൊണ്ടുവരാന്‍ ശ്രമിച്ചത്. പ്ലാനിങ് കമ്മിഷന്‍ നിര്‍ദേശമനുസരിച്ച് 2008 ല്‍ '100 ചെറിയ ഏണിപ്പടികള്‍' എന്ന പേരില്‍ തിസീസ് തയാറാക്കിയ 45 കാരനായ ഷിക്കാഗോ പ്രൊഫസറാണ് ഇതെന്നു മന്‍മോഹന്‍സിങ് ഓര്‍ത്തത് അപ്പോഴായിരുന്നു.
പ്രധാനമന്ത്രി പ്രത്യേകമായി ക്ഷണിച്ചതനുസരിച്ചു ഷിക്കാഗോ സര്‍വകലാശാലയില്‍നിന്നു അവധിയെടുത്ത് രഘുറാംരാജന്‍ മുംബൈയിലെത്തി. 2013 സെപ്തംബര്‍ നാലിന് ഡി സുബ്ബറാവുവിന്റെ പിന്‍ഗാമിയായി അദ്ദേഹം ഇരുപത്തിമൂന്നാമതു റിസര്‍വ് ബാങ്ക് ഗവര്‍ണറായി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും അദ്ദേഹം അനഭിമതനായില്ല. ഇതു കണ്ടപ്പോള്‍ ധനമന്ത്രി ജയ്റ്റ്‌ലിയെ ലക്ഷ്യമിട്ടു നടക്കുകയായിരുന്ന സ്വാമിക്കു പുതിയ ഒരു ഇരയെ വീണുകിട്ടി.
ദീര്‍ഘകാലം വിദേശത്തു ജോലിചെയ്ത രാജന്‍ മാനസികമായി പൂര്‍ണഇന്ത്യക്കാരനല്ല എന്നായിരുന്നു സ്വാമിയുടെ ആക്ഷേപം. ഇതിനു മറുപടിപറഞ്ഞതു പ്രധാനമന്ത്രി തന്നെയായിരുന്നു. രാജന്‍ തികഞ്ഞ രാജ്യസ്‌നേഹിയാണെന്നും പബ്ലിസിറ്റി മോഹിച്ച് എന്തും വിളിച്ചുപറയുന്നതു നാടിനു ഗുണകരമല്ല എന്നും മോദി ഒരു ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിനുപിന്നാലെയാണു സ്വാമി ധനമന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ തിരിഞ്ഞത്.
മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയിലേയ്ക്കു പരിഗണിക്കപ്പെടുന്നവരിലൊരാളാണെന്നു കണ്ടുകൊണ്ടാവണം ഈ ആക്രമണം. രാജ്യാന്തര നാണ്യനിധിയില്‍ (ഐ.എം.എഫ്) ഉദ്യോഗത്തിലിരിക്കെ ഇന്ത്യാവിരുദ്ധനിലപാടെടുത്തയാളാണ് അരവിന്ദ് സുബ്രഹ്മണ്യമെന്നു സ്വാമി കുറ്റപ്പെടുത്തി. എന്നാല്‍, സുബ്രഹ്മണ്യത്തിന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു എന്നും വിലപ്പെട്ടതാണെന്നായിരുന്നു ജയ്റ്റ്‌ലിയുടെ മറുപടി.
മഹാനായ ബാങ്ക് മേധാവിയെന്നു ലോകബാങ്ക് പ്രസിഡന്റ് ജിം യങ് കി അടക്കം പല സാമ്പത്തിക വിദഗ്ധരും സാക്ഷ്യപത്രം നല്‍കിയയാളാണു രഘുറാം രാജന്‍. ഒരു ഡിസ്മസലിനു കാത്തുനില്‍ക്കാതെ രണ്ടാമതൊരു അവസരം തനിക്കു വേണ്ട എന്നു സ്വയം പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. ബ്രെക്‌സിറ്റ് എന്ന പേരില്‍ യൂറോപ്യന്‍ വിപണിയില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം ചലനമുണ്ടാക്കുന്ന ലോകസമ്പദ് വ്യവസ്ഥിതിയില്‍ ഇന്ത്യയെ മുന്നോട്ടുനയിക്കാന്‍ കെല്‍പ്പുള്ള രാജ്യാന്തരവിദഗ്ധന്റെ സേവനമാണ് ഇന്ത്യ സ്വയം നഷ്ടപ്പെടുത്തിയതെന്ന കാര്യത്തില്‍ സംശയമില്ല.
വിവാദങ്ങളൊക്കെ കണ്ടും കേട്ടും വായിച്ചുമിരുന്ന രഘുറാം രാജന്‍ മറുവാദങ്ങള്‍ക്കൊന്നും തുനിഞ്ഞില്ല. വിദേശനിക്ഷേപങ്ങള്‍ പുറത്തേക്കൊഴുകിയപ്പോഴും വിദേശനാണ്യ കരുതല്‍ എക്കാലത്തെയും മികച്ച നിലയിലാക്കാന്‍ കഴിഞ്ഞ റിസര്‍വ് ബാങ്ക് മേധാവിയാണ് അദ്ദേഹം. കറന്‍സി റിസര്‍വ് മൂന്നുവര്‍ഷത്തെ ഏറ്റവും ചുവട്ടിലത്തെ നിലയിലായിരുന്നത് അദ്ദേഹം ഉയരങ്ങളിലെത്തിച്ചു.
നാണ്യപ്പെരുപ്പം 9.52 ശതമാനത്തില്‍നിന്ന് 5.24 ശതമാനത്തിലേയ്ക്കു കൊണ്ടുവന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് അനുവദനീയമായ ഏതു നാണയത്തിലുള്ള നിക്ഷേപവും നിഷ്പ്രയാസം രൂപയിലേയ്ക്കു മാറ്റാനുള്ള സൗകര്യം ആവിഷ്‌കരിച്ചു. ചുരുക്കത്തില്‍, കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന രൂപയുടെ മൂല്യം അദ്ദേഹം രക്ഷപ്പെടുത്തിയെടുത്തു. വിശ്വാസയോഗ്യമല്ലാത്ത വിദേശനിക്ഷേപങ്ങളെ ആശ്രയിക്കേണ്ടിവന്ന ഫ്രാജൈല്‍ ഫൈവ് എന്ന ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ഇന്തോനേഷ്യ, തുര്‍ക്കി പഞ്ചലോല കൂട്ടുകെട്ടില്‍നിന്നു ഇന്ത്യക്കു അങ്ങനെ അവിശ്വസനീയമാംവിധം മോചനം ലഭിച്ചു.
മീഡിയകളില്‍ റിസര്‍വ് ബാങ്ക് പ്രശ്‌നം കത്തിനില്‍ക്കേതന്നെ, തന്റെ തിരിച്ചുപോക്ക് പ്രഖ്യാപിച്ച രഘുറാം രാജന്‍ പറഞ്ഞതു കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പത്രങ്ങളില്‍ താന്‍ തന്റെ ചരമവാര്‍ത്ത വായിക്കുകയായിരുന്നുവെന്നാണ്. എന്നാല്‍, ആ പത്രക്കാരോടായി അദ്ദേഹം പറഞ്ഞു. 'ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നു. സെപ്തംബര്‍ നാലുവരെ മുംബൈയിലെ ഓഫിസില്‍ ഇതേ ഗവര്‍ണര്‍ പദവിയില്‍ താനുണ്ട്. അതു കഴിഞ്ഞു ലോകത്തില്‍ ഏതെങ്കിലും ഭാഗത്തു ജീവനോടെയുണ്ടാകും. ഏറെക്കാലം ഇന്ത്യയില്‍ വരികയും പോവുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും'. ആ വാക്കുകളോടെ അദ്ദേഹം തന്റെ വിടവാങ്ങല്‍ രാജകീയമാക്കിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."