പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചത് ഒഴുക്കിനെതിരേ നീന്തിയവര്‍: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
മാള: തിന്‍മകളുടെ കുത്തൊഴുക്കിനെതിരേ നീന്തിയവരാണ് ഇന്നലെകളില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. തിന്‍മകളും അധാര്‍മികതയും വ്യാപകമാകുന്ന കലുഷിതവും അരക്ഷിതവുമായ ഇന്നിന്റെ ആസുര കാലത്ത് ഇവയെ പ്രതിരോധിക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും, അക്ഷര വായനക്കപ്പുറം വിശുദ്ധ ഖുര്‍ആന്‍ ജീവതത്തില്‍ പകര്‍ത്തിയവരില്‍നിന്ന് പഠിച്ചവര്‍ക്ക് മാത്രമേ ഒഴുക്കിനെതിരേ നീന്താന്‍ കഴിയൂ എന്നും അദേഹം പറഞ്ഞു. മാരേക്കാട് ഹമദാനി ഇസ്‌ലാമിക് സെന്ററിന്റെ പതിനേഴാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഓണമ്പിള്ളി.
ഉദ്ഘാടന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് മുഹമ്മദ് കോയ ബാഅലവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എച്ച്.ഐ. സി രക്ഷാധികാരി അമ്മുണ്ണി ഹാജി അധ്യക്ഷനായി. പുത്തന്‍ചിറ കിഴക്കേ മഹല്ല് ഖത്തീബ് അബൂബക്കര്‍ ബാഖവി കോല്‍പാടം പരലോകം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ആത്മീയ സംഗമത്തില്‍ അബ്ദുല്‍ ബാരി ഫൈസി കരിപ്പൂര്‍ നാഥനെ ഓര്‍ക്കുക എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ദിഖ്ര്‍ ദുആ മജ്‌ലിസിന് ചെറുവാളൂര്‍ ഹൈദ്രോസ് ഉസ്താദ് നേതൃത്വം നല്‍കി. പ്രൈം മിനിസ്റ്റേഴ്‌സ് ശ്രം വീര്‍ അവാര്‍ഡ് ജേതാവ് സുഹൈല്‍ മാരേക്കാടിനെ ആദരിച്ചു. മാരേക്കാട് മഹല്ല് ഖത്തീബ് ജസീര്‍ ദാരിമി, മഹല്ല് സെക്രട്ടറി എം.എസ് നസീര്‍, സുഹൈല്‍ എ.കെ, മുഹമ്മദ് സ്വാലിഹ്, അബ്ദുല്‍ കരീം മുസ്‌ലിയാര്‍, അസ്‌ലം ഖാസിമി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."