കുരുവിലശേരിയില്‍ വീടിന് നേരെ ഗുണ്ടാ ആക്രമണം: ഒരാള്‍ പൊലിസ് പിടിയില്‍
മാള: മാള കുരുവിലശേരിയില്‍ വീടിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ ഇളന്തക്കല്‍ വസന്തിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വസന്തിന്റെ വീടിന് നേരെ ഗുണ്ടും കല്ലും ഉപയോഗിച്ചുള്ള ആക്രമണം നടന്നത്.
ഈ സമയത്ത് വസന്തിന്റെ ഭാര്യ അനുപമയും നാല് വയസുള്ള മകള്‍ ഋതികയും അച്ഛനും സഹോദരനും വീട്ടില്‍ ഉണ്ടായിരുന്നു. പൊട്ടിത്തെറിച്ച ജനലിന്റ അടുത്തിരുന്ന ഋതിക ഭാഗ്യം കൊണ്ടാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
ആക്രമണം നടത്തിയ സംഘത്തിലെ ഒരാള്‍ മാത്രമാണ് മുഖം മറച്ച് വീടിന്റെ മുന്നിലേക്ക് എത്തിയത്. മറ്റുള്ളവര്‍ മതിലിന് പുറത്തായിരുന്നു. വീടിന്റെ മുന്നിലിരുന്ന സ്‌കൂട്ടറും അക്രമി മറിച്ചിട്ടിരുന്നു. ഗുണ്ട് പൊട്ടിയ പുകമറയിലാണ് അക്രമികള്‍ രക്ഷപ്പെട്ടത്.
വീടിന്റെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറയില്‍നിന്ന് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുരുവിലശ്ശേരി കേന്ദ്രീകരിച്ചുള്ള കഞ്ചാവ്, ലഹരി മാഫിയകളാണോ വീടാക്രമണങ്ങള്‍ക്ക് പിന്നിലുള്ളതെന്ന സംശയം ശക്തമായിട്ടുണ്ട്.
സംഭവത്തിന് ശേഷം രാവിലെ അപരിചിതരായ ചിലരെ ആക്രമണം നടന്ന പ്രദേശത്ത് കണ്ടതായി നാട്ടുകാര്‍ അറിയിച്ചു.
ഇവരുടെ ബൈക്കിന്റെ നമ്പര്‍ പൊലിസിന് കൈമാറിയിട്ടുണ്ട്. സംഭവുമായി ബന്ധപെട്ട് അയല്‍വാസിയായ യുവാവിനെ മാള പൊലിസ് അറസ്റ്റ് ചെയ്തു.
വടശേരി പ്രശാന്ത് (32)നെയാണ് എസ്.ഐ ഇതിഹാസ് താഹ അറസ്റ്റ് ചെയ്തത്.
പ്രശാന്തിനെ വീട്ടില്‍നിന്നാണ് പൊലിസ് പിടികൂടിയത്. ആക്രമണത്തില്‍ പ്രശാന്തിന്റെ സഹോദരനും നിരവധി കേസുകളിലെ പ്രതിയുമായ പ്രമോദും ഉണ്ടായിരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."