ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ അടിമുടി മാറ്റം: സംസ്ഥാന പ്രസിഡന്റിന് സീറ്റില്ല
തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ സീറ്റുകളിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കേ നേരത്തെ നിശ്ചയിച്ചിരുന്ന പട്ടികയില്‍ അടിമുടി മാറ്റമെന്നാണ് സൂചനകള്‍. പല പ്രമുഖ നേതാക്കള്‍ക്കും സീറ്റുണ്ടാകില്ല. പുതുതായി വന്ന പലരേയും തൃപ്തിപ്പെടുത്താന്‍ പഴയ നേതാക്കളെ അവഗണിച്ചെന്നാണറിയുന്നത്.
പത്തനംതിട്ട മണ്ഡലത്തില്‍ പിടിയുറപ്പിച്ചിരുന്ന സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പോലും പട്ടികയില്‍ നിന്നു പുറത്താണ്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രനുവേണ്ടി ആര്‍.എസ്.എസ് പിടിമുറുക്കിയതായാണ് അറിയുന്നത്. ശബരിമല വിഷയത്തില്‍ 28 ദിവസം ജയിലില്‍ കിടക്കേണ്ടിവന്ന സുരേന്ദ്രന്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയാണെന്നും അതിനാല്‍ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മത്സരിക്കണമെന്നുമാണ് ആര്. എസ്.എസിന്റെ ആവശ്യം. അതുകൊണ്ടുതന്നെ ആ അഭിപ്രായം നാളെ പട്ടിക വരുമ്പോള്‍ ശരിയാകുമെന്നാണ് ഉന്നത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
ആര്‍എസ്എസിന്റെ നിര്‍േദശപ്രകാരം അമിത്ഷാ പട്ടികയില്‍ ഇടപെട്ട് കെ സുരേന്ദ്രനെ പത്തനംതിട്ട മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.
പത്തനംതിട്ട സീറ്റിനുവേണ്ടി പി എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും തമ്മില്‍ വലിയ വടംവലിയാണ് ഉണ്ടായത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും പത്തനംതിട്ട നല്‍കിയില്ല. അവസാനം അദ്ദേഹം എറണാകുളത്തേക്ക് പരിഗണിക്കുന്നു എന്നാണറിയുന്നത്.
പത്തനംതിട്ട സീറ്റിന്റെ പേരിലാണ് ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം കീറാമുട്ടിയായത്. പത്തനംതിട്ട അല്ലാതെ മറ്റൊരു സീറ്റിലും മത്സരിക്കാന്‍ ശ്രീധരന്‍ പിള്ള താല്‍പ്പര്യപ്പെട്ടിരുന്നില്ല.
പാലക്കാട് സീറ്റിനുവേണ്ടി ശോഭാ സുരേന്ദ്രന്‍ തുടര്‍ച്ചയായി ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അവരെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കാനാണ് തീരുമാനം.
ചില സ്ഥാനാര്‍ത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുണ്ട്. അതുകൊണ്ടുകൂടിയാണ് പ്രഖ്യാപനം വൈകുന്നത്. അതേ സമയം കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്നും ഇപ്പോഴും തുടരുകയാണെന്നും ബി.ജെ.പി കേന്ദ്ര നേതാക്കള്‍ ഡല്‍ഹിയില്‍ അറിയിച്ചു.
അതേ സമയം 14 സീറ്റുകളിലാണ് കേരളത്തില്‍ ബി.ജെ.പി മത്സരിക്കുക. അഞ്ചിടത്ത് ബി.ഡി.ജെ.എസും ഒരിടത്ത് കേരള കോണ്‍ഗ്രസിലെ പി.സി തോമസുമാണ് മത്സരിക്കുന്നത്. തൃശൂര്‍, ആലത്തൂര്‍, വയനാട്, മാവേലിക്കര, ഇടുക്കി സീറ്റുകളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."