മലപ്പുറത്ത് അമ്പലം പൊളിച്ച് പള്ളിയാക്കിയെന്ന് അജിത് ഡോവലിന്റെ പേരില്‍ ഫെയ്സ്ബുക്ക് പ്രചരണം
മലപ്പുറം: മലപ്പുറത്ത് അമ്പലം പൊളിച്ചു പള്ളിയാക്കിയെന്ന് അജിത് ഡോവലിന്റെ പേരില്‍ ഫെയ്സ്ബുക്ക് പ്രചരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡേവലിന്റെ പേരിലുള്ള പേജിലാണ് പ്രചാരണം. ഒരിക്കല്‍ ഇത് ഒരു സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നു ഇപ്പോള്‍ പഴയങ്ങാടി മസ്ജിദ് ആയെന്നാണ് ഫേസ്ബുക്ക് പേജില്‍ ചിത്ര സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിനടിയില്‍ വ്യാപകമായി വര്‍ഗീയ പ്രചരണങ്ങളും വ്യാജപ്രചരണങ്ങളും കമന്റുകളായി എത്തുന്നുണ്ട്. 1814ല്‍ അറേബ്യന്പേര്ഷ്യന് മാതൃകയില്‍ തന്റെ മുന്‍ഗാമിയുടെ സ്മരണാര്‍ത്ഥം ഇഷ്ത്വാഖ് ഷാ പണികഴിപ്പിച്ച കൊണ്ടോട്ടി മഖാമിന്റെ ചിത്രമാണ് ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.
കൊണ്ടോട്ടി പഴയകാല മുസ്ലിം സാന്നിദ്ധ്യമുള്ള മണ്ണാണ്. പഴയങ്ങാടി പളളി പണിയാന്‍ സാമൂതിരി മുസ്ലിംകള്ക്ക് ഭൂമി വിട്ടുനല്‍കിയതിനും ഗുരുവായൂര്‍ ക്ഷേത്രത്തിനു ഭൂമി നല്കിയ പോലെ ടിപ്പു, തക്കിയ(ആശ്രമം) പണിയാന്‍ തനി ഭൂമി വിട്ടുനല്‍കിയതും രേഖയുളളതാണ്. അതിനു മുമ്പേ തന്നെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണിത്. ബ്രിട്ടീഷുകാര്‍ ആ ഭൂമിക്ക് നികുതി വേണ്ടെന്ന് രേഖാമൂലം പറയുകയും ചെയ്തിരുന്നു.
ഗവണ്മെന്റ് ഓഫീഷ്യല്‍ എന്നു പേര് നല്‍കിയിരിക്കുന്ന ഈ പേജിനു മൂന്ന് ലക്ഷത്തിന്റെ മുകളില്‍ ലൈക്കും ലഭിച്ചിട്ടുണ്ട്. ഇതേ പേരിലുള്ള ട്വിറ്റര്‍ എക്കൗണ്ട് സസ്പെന്റ് ചെയ്തതായും കാണിക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖനായ ഒരു ഉദ്യോഗ്സ്ഥന്റെ പേരില്‍ വ്യാജമായി ഫെയ്സ്ബുക്ക് പേജുണ്ടാക്കി വര്‍ഗീയ പ്രചാരണം നടത്തിയിട്ടും ഇതുവരെ ഒരു നടപടിയും ഇതിനെതിരേയുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."