പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദം: ആസൂത്രിത നീക്കമെന്നു ആരോപണം
കൊടുങ്ങല്ലൂര്‍: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന് പിറകില്‍ സര്‍ക്കാര്‍ വിദ്യാലയത്തിനു നേരെയുള്ള ആസൂത്രിത നീക്കമാണെന്നു ആരോപണം. ദേശീയപാതയോടു ചേര്‍ന്നു സ്‌കൂള്‍ മതില്‍ കെട്ടിനകത്തു സ്ഥിരമായി പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച പി.ടി.എ യുടെ നടപടിക്കെതിരെയാണു ചില കേന്ദ്രങ്ങള്‍ രംഗത്തു വന്നിട്ടുള്ളത്.
ഇരുമ്പ് തൂണുകളില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ കുട്ടികള്‍ക്കു കാറ്റും വെളിച്ചവും ലഭിക്കുന്നത് ഇല്ലാതാക്കുമെന്നാണു പ്രധാന ആരോപണം. നഗരസഭയുടെ അനുവാദമില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിച്ചുവെന്ന സാങ്കേതിക പ്രശ്‌നവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ നഗരസഭാ സ്‌കൂള്‍ അധികൃതര്‍ക്കു നോട്ടിസ് നല്‍കുകയുണ്ടായി.
കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ മതില്‍ കെട്ടിനു പുറത്തായി ദേശീയ പാതയോരത്തു നിരനിരയായി പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചു വരുന്നുണ്ട്.
കൊടുങ്ങല്ലൂരിനകത്തും പുറത്തുമുള്ള പരസ്യ ഏജന്‍സികള്‍ വിവിധ സ്ഥാപനങ്ങളുടെയും ചടങ്ങുകളുടെയും പരസ്യങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാറുണ്ട്. ചില പരസ്യ ഏജന്‍സികള്‍ ഈ സ്ഥലം കുത്തകയായി കൈവശം വച്ചു പോരുകയാണ്. ഏതാനും ഇരുമ്പ് ചട്ടകളുടെ ബലത്തില്‍ മാത്രം സ്ഥാപിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ ഉയര്‍ത്തുന്ന അപകട ഭീഷണി ചെറുതല്ല.
മുന്‍പൊരിക്കല്‍ ഇത്തരമൊരു പരസ്യ ബോര്‍ഡ് നിലംപതിച്ചതിനെ തുടര്‍ന്നു ഏതാനും വാഹനങ്ങള്‍ക്കു കേടുപാട് സംഭവിച്ചിരുന്നു. വര്‍ഷത്തില്‍ 365 ദിവസവും എന്ന കണക്കില്‍ സ്‌കൂള്‍ കെട്ടിടത്തിനു മുന്നില്‍ മറതീര്‍ത്തു പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചു പോന്ന സമയത്ത് ഉണ്ടാകാതിരുന്ന എതിര്‍പ്പ് സ്‌കൂള്‍ അധികൃതര്‍ നേരിട്ടു പരസ്യ ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍ ഉയര്‍ന്നതിനു പിറകിലെ കാരണം വ്യക്തമല്ല.
സ്ഥിരം പരസ്യ ബോര്‍ഡ് സ്ഥാപിച്ചതു വഴി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സ്വന്തമായി വരുമാനത്തിനുള്ള വഴി തുറന്നിട്ടുണ്ട്. സ്വകാര്യ ഏജന്‍സികള്‍ക്കു ലഭിച്ചിരുന്ന പരസ്യബോര്‍ഡ് തുകയുടെ ഒരു വിഹിതം വാടകയിനത്തില്‍ ലഭിക്കുന്നതു വിദ്യാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കാന്‍ സാധിക്കും. മാത്രമല്ല 2000 ത്തോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ രക്ഷിതാക്കളാരും തന്നെ ഇതിനെതിരേ പരാതി പറഞ്ഞിട്ടില്ല.
ഈ വസ്തുതകള്‍ മറച്ചുവച്ചു കൊണ്ടാണു ചിലര്‍ വിദ്യാലയത്തിനെതിരേ രംഗത്തിറങ്ങിയിട്ടുള്ളത്. സ്വകാര്യ വിദ്യാലയങ്ങളോടു മൃദുസമീപനവും പൊതു വിദ്യാലയങ്ങളോടു കര്‍ക്കശ നിലപാടും സ്വീകരിക്കുന്ന നയം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലെ ലക്ഷ്യത്തിനു എതിരാണെന്ന വസ്തുത ബന്ധപ്പെട്ടവര്‍ മറക്കുകയാണ്. പരസ്യ ബോര്‍ഡ് വിവാദത്തിനു പിറകില്‍ ചിലര്‍ക്കെങ്കിലും രഹസ്യ താല്‍പര്യങ്ങളുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."