ഭൂരഹിതരില്ലാത്ത കേരളം: ഗുണഭോക്താക്കളെചൊല്ലി തര്‍ക്കം
തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ ഗുണഭോക്താക്കളെചൊല്ലി നിയമസഭയില്‍ തര്‍ക്കം. സ്വന്തമായി ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്കു വീട് വയ്ക്കുന്നതിന് മൂന്ന് സെന്റ് നല്‍കുന്ന പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ഭൂമി ലഭിച്ചത് 29,875 കുടുംബങ്ങള്‍ക്കാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 43,437 പേര്‍ക്ക് പട്ടയം നല്‍കിയതായി റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടിയതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.
നിയമസഭയില്‍ അവതരിപ്പിച്ച കണക്കില്‍ ഈ അന്തരമുണ്ടാവുന്നത് ഗുരുതരമായ വീഴ്ചയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. തര്‍ക്കത്തെ തുടര്‍ന്നു ജില്ലതിരിച്ചുള്ള കണക്ക് മന്ത്രി സഭയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കായി 59,398 പട്ടയം തയാറാക്കിയിരുന്നു. എന്നാല്‍ ഭൂമി കൊടുത്തത് 29,875 പേര്‍ക്ക് മാത്രമാണ്. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ലാന്റ് റവന്യു ജോയിന്റ് കമ്മിഷണറെ സ്‌പെഷല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ടെന്നും സംസ്ഥാനതലത്തില്‍ സ്‌പെഷല്‍ സെല്ലും കലക്ടറേറ്റുകളില്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പെഷല്‍ സെല്ലും രൂപീകരിച്ചിട്ടുണ്ടെന്നും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."