പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‌വണ്‍ പ്രവേശനം ലഭിക്കാതെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍. പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷാ തീയതി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് ഇത്രയധികം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാതെ പോകുന്നത്. പ്രവേശനത്തിനുള്ള അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 30നു സംസ്ഥാനത്ത് ക്ലാസുകള്‍ തുടങ്ങിയിരുന്നു. ക്ലാസുകള്‍ തുടങ്ങിയിട്ടും ഇത്രയധികം കുട്ടികള്‍ പ്രവേശനം ലഭിക്കാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ പ്ലസ്‌വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ സബ്മിഷനിലൂടെ നിയമസഭയില്‍ ആവശ്യപ്പെട്ടു.
പരമാവധി നാല് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ലഭിച്ചാലും ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠന സൗകര്യം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി. ഓരോ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവരുടെയും പ്ലസ്‌വണ്‍ സീറ്റുകളുടെയും എണ്ണം തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണെന്നും മലപ്പുറം ജില്ലയിലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യത്യാസം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ 79,506 പേരാണ് ഈ വര്‍ഷം പ്ലസ് വണ്ണിന് അപേക്ഷിച്ചത്. 39,602 വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ഇപ്പോള്‍ പ്രവേശനം ലഭിച്ചിട്ടുള്ളത്. 39,602 വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും പ്രവേശനം ലഭിച്ചിട്ടില്ല. ഇനി നടക്കാനുള്ളത് സപ്ലിമെന്ററി അലോട്ട്‌മെന്റാണ്. ജില്ലയിലെ 172 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 252 കോഴ്‌സുകളിലായി 4889 സീറ്റുകളാണ് പരിഗണനയ്ക്കുവരുന്നത്. എന്നാല്‍ സപ്ലിമെന്ററി നടപടികള്‍ പൂര്‍ത്തിയായാലും 35,000 ലധികം വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരം ലഭിക്കാതെ പോകുമെന്നതാണ് വസ്തുതയെന്നും എം.എല്‍.എ സഭയില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അധ്യയനവര്‍ഷം ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ജില്ലയില്‍ 3888 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇനിയുള്ള അലോട്ട്‌മെന്റുകളിലൂടെയുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വസ്തുതകള്‍ പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സബ്മിഷന് മറുപടി നല്‍കി.
59926 ഹയര്‍സെക്കന്‍ഡറി സീറ്റുകള്‍ക്ക് പുറമെ വി.എച്ച്.എസ്.ഇയില്‍ 2325 സീറ്റും ഐ.ടി.ഐയില്‍ 5484 സീറ്റും, പോളിടെക്‌നിക്കില്‍ 880 സീറ്റും ഉള്‍പ്പെടെ 68615 സീറ്റുകള്‍ മലപ്പുറം ജില്ലയില്‍ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."