താഴെചൊവ്വ പാലം: നിര്‍മാണം അന്തിമഘട്ടത്തില്‍
കണ്ണൂര്‍: കണ്ണൂര്‍-തലശ്ശേരി ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവര്‍ രണ്ടുമണിക്കൂര്‍ മുന്‍പേ എങ്കിലും ഇറങ്ങണം. അല്ലെങ്കില്‍ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തണമെന്നില്ല.
ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുകയാണു താഴെചൊവ്വ. ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ നിര്‍മിച്ച താഴെചൊവ്വയിലെ സമാന്തരപാലം എന്നു തുറക്കുമെന്ന് അധികൃതര്‍ക്കു പോലും അറിയില്ല. ഉദ്ഘാടനം ചെയ്യുമെന്നു പറഞ്ഞ തിയതി പലതും കടന്നുപോയി. ഇപ്പോള്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയാണു താഴെചൊവ്വയില്‍.
കണ്ണൂരില്‍ നിന്നു വരുന്ന വാഹനങ്ങള്‍ മേലചൊവ്വ മുതലും കൂത്തുപറമ്പ് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ചാലക്കുന്നിനു സമീപത്തെ ഓവുപാലം മുതലും ഗതാഗതക്കുരുക്കില്‍പെടുകയാണ്. തലേശ്ശേരിയില്‍ നിന്നു വരുന്നഭാഗത്തുള്ള റെയില്‍വേ ഗേറ്റ് കൂടി അടച്ചാല്‍ പിന്നെ നഗരം അക്ഷരാര്‍ഥത്തില്‍ സംതഭിച്ചു.
നിലവിലുള്ള പാലത്തില്‍ നിന്ന് 1.50 മീറ്റര്‍ തെക്ക് ഭാഗത്തേക്കു മാറി 20 മീറ്റര്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കണ്ണൂര്‍ ഭാഗത്തേക്ക് 70 മീറ്ററും തലശ്ശേരി ഭാഗത്തേക്ക് 30 മീറ്റര്‍ നീളത്തിലുള്ള റോഡുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. സമാന്തര പാലം അടിയന്തരമായി തുറന്ന് കൊടുക്കണമെന്നാണു ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. എന്നാല്‍ പാലം ഉദ്ഘാടനം ചെയ്താല്‍ പൂര്‍ണമായും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിയില്ലെന്നും ഗതാഗതക്കുരുക്കിനു പ്രധാനകാരണം കാപ്പാട് റോഡിലൂടെയും തെഴുക്കിലെപീടിക ജങ്ഷനിലുള്ള സിറ്റി റോഡിലൂടെ പോകുന്ന വാഹനങ്ങളാണെന്നും ഇതിനു പരിഹാരമാണ് കാണേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു. രാവിലെയും വൈകിട്ടും സ്‌കൂള്‍ വാഹനങ്ങളും ഓഫിസ് ജീവനക്കാരുടെ വാഹനങ്ങളും നിരത്തിലിറങ്ങിയാല്‍ സ്ഥിതി രൂക്ഷമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."