ഓള്‍റൗണ്ട് ഹൈദരാബാദ്
ഐ.പി.എല്ലിലെ കരുത്തുറ്റ ടീമുകളിലൊന്ന്. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പ്. ബാറ്റിങിലും ബൗളിങ്ങിലും ഒരുപോലെ മികച്ച താരങ്ങള്‍. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ മുതല്‍ ബൗളിങ് താരങ്ങള്‍ വരെ ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തുന്നത് സണ്‍റൈസേഴ്‌സിന്റെ ശക്തി ഇരട്ടിപ്പിക്കുന്നു. ബാറ്റിങ്ങിലെ പരാജയം ബൗളിങ്ങില്‍ മറികടക്കാന്‍ കഴിയുന്ന ഏക ടീമാണ് സണ്‍റൈസേഴ്‌സ്. കളിയുടെ ഗതി എപ്പോഴും മാറ്റിയെഴുതാന്‍ കഴിവുള്ള ഒരുപിടി താരങ്ങള്‍ സണ്‍റൈസേഴ്‌സിന്റെ മാത്രം കരുത്താണ്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ നായകത്വത്തിലിറങ്ങുന്ന സണ്‍റൈസേഴ്‌സ് സീസണില്‍ കിരീടപ്പോരാട്ടത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന ടീമുകളിലൊന്നാണ്. ഓറഞ്ച് ആര്‍മിയെന്ന് വിളിപ്പേരുള്ള സണ്‍റൈസേഴ്‌സ് ഒരുപക്ഷേ നിര്‍ഭാഗ്യം കൊണ്ടാണ് കഴിഞ്ഞ സീസണില്‍ കപ്പ് കൈവിട്ടത്.
ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് എട്ട് വിക്കറ്റിന്റെ വലിയ തോല്‍വിയാണ് സണ്‍റൈസേഴ്‌സ് ഏറ്റുവാങ്ങിയത്. പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേഓഫിലെത്തിയ സണ്‍റൈസേഴ്‌സ് പ്ലേ ഓഫിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുന്‍പില്‍ രണ്ട് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി. പ്ലേഓഫിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയെ 14 റണ്‍സിന് തകര്‍ത്ത് ഫൈനലില്‍ കടന്ന സണ്‍റൈസേഴ്‌സ് ഫൈനലില്‍ വീണ്ടും ചെന്നൈയോട് പരാജയപ്പെടുകയായിരുന്നു.
ഐ.പി.എല്ലില്‍
ഇതുവരെ
2013ലാണ് സണ്‍റൈസേഴ്‌സ് ഐ.പി.എല്ലിലെത്തുന്നത്. ആദ്യ സീസണില്‍ തന്നെ ടീം നാലാം സ്ഥാനത്തെത്തി. 2014ലും 2015ലും നിറംമങ്ങിപ്പോയ ടീമിന് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2016 ല്‍ ശക്തരായി തിരിച്ചെത്തിയ സണ്‍റൈസേഴ്‌സ് ആര്‍.സി.ബിയെ തകര്‍ത്ത് ചാംപ്യന്മാരായാണ് മടങ്ങിയത്. 2017ല്‍ പ്ലേ ഓഫില്‍ പുറത്തായ ടീം 2018ല്‍ റണ്ണേഴ്‌സ് അപ്പുമായി. ഐ.പി.എല്ലില്‍ ഇതു വരെ സണ്‍റൈസേഴ്‌സ് 52 മത്സരങ്ങളില്‍ വിജയം കണ്ടു. 41 മത്സരങ്ങളില്‍ മാത്രമാണ് പരാജയമറിഞ്ഞത്.
കരുത്ത്
വിലക്ക് കഴിഞ്ഞ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തുന്നത് ഈ സീസണില്‍ ഓറഞ്ച് പടയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ഇംഗ്ലണ്ട് താരം ജോണി ബൈര്‍സ്റ്റോവിന്റെ വരവും ടീമിന് മുതല്‍കൂട്ടാവും. ഓള്‍ റൗണ്ടര്‍ റാഷിദ് ഖാനാണ് സണ്‍റൈസേഴ്‌സിന്റെ തുരുപ്പുചീട്ട്. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യൂസുഫ് പത്താന്‍, വിജയ് ശങ്കര്‍, ദീപക് ഹൂഡ, യുവതാരം റിക്കി ഭൂയ്, മനീഷ് പാണ്ഡെ എന്നിവരും ടീമിന്റെ പ്രതീക്ഷയാണ്. ബൗളിങ്ങിനെ ഭുവനേശ്വര്‍ കുമാറാണ് നയിക്കുന്നത്. ഖലീല്‍ അഹമ്മദ്, മലിയാളി താരം ബേസില്‍ തമ്പി, ന്യൂസിലന്‍ഡിന്റെ ബില്ലി സാന്‍ഡ്‌ലൈക്ക് എന്നിവരും ടീമിന് കരുത്തേകുന്നു.
ടീം
കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റിക്കി ഭൂയ്, ഡേവിഡ് വാര്‍ണര്‍, ദീപക് ഹൂഡ, മുഹമ്മദ് നബി, യൂസുഫ് പത്താന്‍, ഷാക്കിബ് അല്‍ ഹസന്‍, അഭിഷേക് ശര്‍മ, വിജയ് ശങ്കര്‍, ശ്രീവത്സ് ഗോസ്വാമി, ജോണി ബൈര്‍സ്റ്റോ, വൃദ്ദിമാന്‍ സാഹ, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, ബേസില്‍ തമ്പി, ബില്ലി സ്റ്റാന്‍ലേക്ക്, തങ്കരസു നടരാജന്‍, സന്ദീപ് ശര്‍മ, ഷഹബാസ് നദീം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."