സഊദിയില്‍ നാല് ഭീമന്‍ പദ്ധതികള്‍; 70000 തൊഴിലവസരങ്ങള്‍
റിയാദ്: സഊദിയില്‍ പുതിയ നാല് ഭീമന്‍ പദ്ധതികള്‍ കൂടി പ്രഖ്യാപിച്ചു. 23 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലുള്ള പദ്ധതികള്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ് പ്രഖ്യാപിച്ചത്.
പുതിയപദ്ധതി ആരംഭിക്കുന്നതോടെ എഴുപതിനായിരം തൊഴിലവസരങ്ങള്‍ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലസ്ഥാന നഗരിയായ റിയാദ് കേന്ദ്രീകരിച്ചു പ്രഖ്യാപിച്ച പദ്ധതികളില്‍ കിംഗ് സല്‍മാന്‍ പാര്‍ക്ക്, ഗ്രീന്‍ റിയാദ്, സ്‌പോര്‍ട്‌സ് ലൈന്‍, റിയാദ് ആര്‍ട്ട് എന്നിവയാണ് ഉള്‍പ്പെടുന്നത്.
പദ്ധതിയില്‍ ഉള്‍പ്പെടുന്ന പാര്‍ക്ക് പ്രോജക്ട് യാഥാര്‍ഥ്യമാവുമ്പോള്‍ റിയാദ് നഗരത്തിന്റെ പച്ചപ്പ് 16 ഇരട്ടിയായി വര്‍ധിക്കും. ഇതിനായി 75 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കും, മ്യൂസിയം, തിയറ്റര്‍, ഗാലറി ഉള്‍പ്പെടുന്ന ആര്‍ട്ട് സെന്ററില്‍ ഓപ്പണ്‍ എക്‌സിബിഷനുകളും ഉണ്ടാകും.
135 കിലോമീറ്റര്‍ സ്‌പോര്‍ട്‌സ് ലൈന്‍, സൈക്കിള്‍, കുതിര സവാരി, നടത്തം എന്നിവക്ക് പ്രത്യേക പാതകള്‍ എന്നിവയാണ് സ്‌പോര്‍ട്‌സ് ട്രാക്ക് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
സഊദി വിഷന്‍ 2030ന്റെ ഭാഗമായി പ്രഖ്യാപിക്കപെട്ട പുതിയ പദ്ധതികളില്‍ വിവിധ സെക്ഷനുകളിലായി എഴുപതിനായിരം പുതിയ തൊഴിലുകള്‍ ഉണ്ടാകുമെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ, റസിഡന്‍ഷ്യല്‍, ഹോസ്പിറ്റാലിറ്റി, കോര്‍പറേറ്റ്, വിദ്യാഭ്യാസ, വിനോദ, വാണിജ്യ പദ്ധതികള്‍ എന്നിവയിലായി സഊദിക്കകത്തും പുറത്തുമുള്ള നിക്ഷേപകര്‍ക്കും വന്‍ സാധ്യതയുമുണ്ട്. 2019 അവസാന പാദത്തോടെ പദ്ധതികള്‍ നടപ്പിലാക്കിത്തുടങ്ങുമെന്നാണു കരുതുന്നത്.
പദ്ധതികളെക്കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രാജാവിനു വിശദീകരിച്ച് കൊടുത്തു. റിയാദിലെ പ്രധാന റോഡുകളിലൊന്നിന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പേരിടാനും സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."