സൂര്യനും ഭൂമിയും ചന്ദ്രനും ഇന്ന് സംഗമിക്കും
#കെ.ജംഷാദ്
കോഴിക്കോട്: സൂര്യനും ഭൂമിയും ചന്ദ്രനും ചേര്‍ന്ന് ഇന്ന് അപൂര്‍വ പ്രതിഭാസത്തിന് വേദിയാകും. ഭൂമധ്യരേഖക്ക് അഭിമുഖമായി സൂര്യന്റെ മധ്യഭാഗം കടന്നുപോകുന്ന ഇക്വിനോക്സ് എന്ന പ്രതിഭാസവും ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ പ്രതിഭാസവുമാണ് ഒരുമിച്ചുവരുന്നത്. ഇന്ന് രാവിലെ 7.12ന് ഇന്ത്യയില്‍ ഇതു ദൃശ്യമാകും. സൂപ്പര്വോം ഇക്വിനോക്സ് മൂണ്‍ എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. പകലും രാത്രിയും തുല്യമാകുന്നതാണ് ഈ ദിവസത്തിന്റെ മറ്റൊരു പ്രത്യേകത.
19 വര്‍ഷത്തിലൊരിക്കലാണ് സൂപ്പര്വോം ഇക്വിനോക്സ് മൂണ്‍ ഉണ്ടാകുന്നത്. 2000 മാര്‍ച്ചിലാണ് അവസാനമായി ഈ പ്രതിഭാസം ഉണ്ടായത്. സൂപ്പര്‍മൂണും ഇക്വിനോക്സും 2030 മാര്‍ച്ച് വരെ ഇനിയുണ്ടാകില്ല. സൂര്യരശ്മികള്‍ നേരിട്ട് ഭൂമധ്യരേഖയില്‍ വീഴുന്നത് ഈ പ്രതിഭാസത്തിന്റെ പ്രത്യേകതയാണ്. വേനല്‍ക്കാലത്തും മഞ്ഞുകാലത്തുമാണ് സാധാരണ ഈ പ്രതിഭാസമുണ്ടാകാറുള്ളത്. സൂപ്പര്‍ മൂണ്‍ പ്രതിഭാസവും ഇന്ന് കാണാം.
ചന്ദ്രന് സാധാരണത്തേക്കാള്‍ 14 ശതമാനം വലിപ്പത്തിലും 30 ശതമാനം തിളക്കത്തോടെയും ഇന്ന് കാണാം. ഈ വര്‍ഷത്തെ അവസാനത്തെയും മൂന്നാമത്തെയും സൂപ്പര്‍മൂണ്‍ ആണ് ഇന്ന് കാണാനാകുക. ജനുവരി 21, ഫെബ്രുവരി 19 തിയതികളിലായിരുന്നു ഈ വര്‍ഷത്തെ ആദ്യ രണ്ട് സൂപ്പര്‍ മൂണുകള്‍.
അതേസമയം, ഇക്വിനോക്സ് പ്രതിഭാസം മൂലം ചൂട് കൂടുമെന്നും പെട്ടെന്ന് ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന് അടിസ്ഥാനമില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. മാര്‍ച്ച് 22 മുതല്‍ 28 വരെ ഇങ്ങനെ സംഭവിക്കുമെന്നാണ് വ്യാജസന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."