കറുത്തവര്‍ഗക്കാരന്റെ കൊലപാതകം പൊലിസ് സ്റ്റേഷന് തീയിട്ട് പ്രതിഷേധക്കാര്‍
മിനസോട്ട(യു.എസ്): അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനെ വെള്ളക്കാരനായ പൊലിസുകാരന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ മിനിയാപോളിസിലെ മൂന്നാം പ്രിസിങ്ട് പൊലിസ് സ്റ്റേഷന് തീയിട്ടു. തുടര്‍ന്ന് രാത്രി 10 മണിയോടെ സ്‌റ്റേഷനിലെ പൊലിസുകാരെ ഒഴിപ്പിച്ചു.
നിരവധി പേരാണ് ജോര്‍ജ് ഫ്‌ളോയിഡിന് നീതി തേടി രംഗത്തെത്തിയത്. സമരക്കാര്‍ക്കു നേരെയുള്ള പൊലിസ് വെടിവയ്പില്‍ ഒരാള്‍ വെടിയേറ്റു മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിരവധിപേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ കവര്‍ച്ചയ്ക്കിടെയാണ് ഒരാള്‍ വെടിയേറ്റു മരിച്ചതെന്നാണ് പൊലിസ് പറയുന്നത്. കെന്റക്കിയില്‍ കറുത്തവര്‍ഗക്കാരിയായ വനിതയെ പൊലിസ് വെടിവച്ചു കൊന്നതിനെതിരേ നടന്ന പ്രതിഷേധത്തിനിടെ ഏഴുപേര്‍ക്ക് വെടിയേറ്റു. മാര്‍ച്ചിലാണ് ബ്രെന്ന ടെയിലര്‍ എന്ന വനിത വെടിയേറ്റു മരിച്ചത്. പൊലിസ് അവരുടെ വീട്ടിലേക്ക് കടന്നശേഷമായിരുന്നു ഇത്.
അതിനിടെ, കറുത്ത വര്‍ഗക്കാരനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിപ്പിടിച്ചു കൊലപ്പെടുത്തിയ പൊലിസുകാരന്റെ പേര് എഫ്.ബി.ഐ പുറത്തുവിട്ടു. ഡെറിക് ചൗവിന്‍ എന്ന പൊലിസുകാരനാണ് ഫ്‌ളോയിഡിനെ കൊന്നത്. ഇയാളുടെ വീടിന് മുന്നിലേക്ക് ഇരമ്പിയെത്തിയ പ്രതിഷേധക്കാരെ പൊലിസെത്തി പിരിച്ചുവിടുകയായിരുന്നു.
ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുന്ന ജോര്‍ജ് ഫ്‌ളോയിഡ്(46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. നാല് പൊലിസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത ശേഷമാണ് ജോര്‍ജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷര്‍ട്ട് അഴിച്ചുമാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തുകയും ചെയ്ത ശേഷമായിരുന്നു ഇത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കള്ളനോട്ട് കേസിലാണ് 46കാരനായ ഫ്‌ളോയിഡിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പൊലിസുകാരെയും സര്‍വിസില്‍ നിന്ന് ഡിസ്മിസ് ചെയ്തിരിക്കുകയാണ്. എന്നാല്‍ നാലു പൊലിസുകാരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതിനിടെ ഇന്നലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സി.എന്‍.എന്‍ റിപ്പോര്‍ട്ടറുള്‍പ്പെടെ മൂന്ന് മാധ്യമപ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."