പാലരുവി എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കണം: മോന്‍സ് ജോസഫ്
കടുത്തുരുത്തി: 19 മുതല്‍ പുതിയതായി സര്‍വിസ് ആരംഭിക്കുന്ന പുനലൂര്‍ - പാലക്കാട് പാലരുവി എക്‌സ്പ്രസ്സ് ട്രെയിനിന് യാത്രക്കാര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ വൈക്കം റോഡിലും കുറുപ്പന്തറയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു.
കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന് ഈ ആവശ്യം ഉന്നയിച്ച് അടിയന്തിര സന്ദേശം അയച്ചതായി മോന്‍സ് ജോസഫ് അറിയിച്ചു. ഏറ്റവും കൂടുതല്‍ ജനത്തിരക്കേറിയ റൂട്ടെന്ന നിലയില്‍ മുന്‍ഗണന ലഭിക്കേണ്ട കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ ഒറ്റസ്ഥലത്തുപോലും പുതിയ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാന്‍ തയ്യാറാകാതിരുന്ന റെയില്‍വേ അധികൃതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മോന്‍സ് ജോസഫ് എം.എല്‍.എ. ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇതേ സ്ഥാനത്ത് പുനലൂര്‍ മുതല്‍ കോട്ടയം വരെ സര്‍വെ സ്ഥലത്തും സ്റ്റോപ്പ് കൊടുത്തിട്ടുണ്ട്. അതുപോലെ എറണാകുളം മുതല്‍ പാലക്കാട് വരെയും നിരവധി സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കോട്ടയത്തിന്റെയും എറണാകുളത്തിന്റെയും മധ്യത്തിലായി ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ യാത്രാസൗകര്യമുള്ളതും ഏറ്റവും മെച്ചപ്പെട്ട നിലയില്‍ വികസിപ്പിച്ചതുമായ വൈക്കം റോഡിലും കുറുപ്പന്തറയിലും സ്റ്റോപ്പ് അനുവദിക്കേണ്ടതും തികച്ചും ന്യായവും അത്യന്താപേക്ഷിതവുമാണ്.
പുതിയ ട്രെയിന്‍ ആരംഭിക്കുന്ന വിവരം പുറത്തുവന്നപ്പോള്‍ തന്നെ കോട്ടയം - എറണാകുളം സെക്ടറിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി റെയില്‍വേ അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നതാണ്.
ഇക്കാര്യങ്ങള്‍ അവഗണിച്ച റെയില്‍വേയുടെ നിലപാട് എത്രയും പെട്ടെന്ന് തിരുത്തണമെന്നും ജനകീയാവശ്യം കണക്കിലെടുത്ത് പുതിയ സ്റ്റോപ്പ് അനുവദിക്കണമെന്നും മോന്‍സ് ജോസഫ് എം.എല്‍.എ. കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെട്ട് 19 നു മുന്‍പായി സ്റ്റോപ്പ് യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് എം.പി.മാരായ ജോസ് കെ.മാണി, കൊടിക്കുന്നില്‍ സുരേഷ്, അഡ്വ. ജോയി എബ്രഹാം എന്നിവര്‍ക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എന്നിവര്‍ക്കും നിവേദനം സമര്‍പ്പിച്ചതായി എം.എല്‍.എ. വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."