ട്രോളിംഗ് നിരോധനം നാടന്‍ വള്ളങ്ങള്‍ക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്കും നാടന്‍ വള്ളങ്ങള്‍ക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്റ് ചാര്‍ളി ജോസഫ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ട്രോളിംഗ് നിരോധന കാലാവധി സര്‍ക്കാര്‍ കൂട്ടിയതില്‍ അപാകത ഇല്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ഹരജി തള്ളി.
ഈ വര്‍ഷം ട്രോളിംഗ് നിരോധന സമയം 47 ദിവസത്തില്‍ നിന്ന് 52 ദിവസമായി കൂട്ടിയതിനെതിരെയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ചില വിഭാഗങ്ങള്‍ക്കു മാത്രമായി ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്ന് കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നാടന്‍ വള്ളങ്ങളെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്.
ഹരജി പരിഗണിക്കവെ ഇക്കാല്ലത്തെ കാലാവസ്ഥ വ്യതിയാനവും മണ്‍സൂണ്‍ സീസണിലെ കടല്‍ ക്ഷോഭവും കണക്കിലെടുത്താണ് നിരോധന കാലാവധി കൂട്ടിയതെന്ന് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മത്സ്യങ്ങളുടെ പ്രജനന കാലമായ മണ്‍സൂണ്‍ സീസണില്‍ മത്സ്യ സമ്പത്ത് സംരക്ഷിക്കാനുള്ള ശാസ്ത്രീയ നടപടിയാണിത്. കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെടുന്നത് ഒഴിവാക്കാന്‍ കൂടിയാണ് കാലാവധി നീട്ടിയത്. മറൈന്‍ ഫിഷിംഗ് നിയമപ്രകാരം നിയന്ത്രണവും നിരോധനവും വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ചാണ് ട്രോളിംഗ് നിരോധന കാലാവധി സര്‍ക്കാര്‍ കൂട്ടിയതെന്ന് ഹൈക്കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."