കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയവര്‍ക്ക് എതിരേ നടപടി ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍
നിലമ്പൂര്‍: നഗരസഭ കൗണ്‍സില്‍ എടുത്ത തീരുമാനം അട്ടിമറിച്ച് റിലയന്‍സിന് കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലര്‍മാരായ പി.എം ബഷീര്‍, മുസ്തഫ കളത്തുംപടിക്കല്‍, പി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ നഗരകാര്യ ഡയറക്ടര്‍ക്കും വകുപ്പും മന്ത്രിക്കും പരാതി നല്‍കി.
തങ്ങളുള്‍പ്പെട്ട ഭരണസമിതി അധികാരമേല്‍ക്കുന്നതിനു മുന്‍പ് 2015 ഒക്‌ടോബര്‍ 13ന് റിലയന്‍സ് നല്‍കിയ കത്തില്‍ നഗരസഭാ കൗണ്‍സില്‍ 2016 മാര്‍ച്ച് മൂന്നിന് എടുത്ത തീരുമാനങ്ങള്‍ അട്ടിമറിച്ചു ഉദ്യോഗസ്ഥ ഭരണ സമിതി കൂട്ടുകെട്ട് നടത്തിയ ഇടപാടില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു.
പ്രതിവര്‍ഷം മീറ്ററിന് 750 രൂപ പ്രകാരം മൂന്ന് വര്‍ഷത്തെ തറവാടക മുന്‍കൂര്‍ ഇടാക്കാനാണ് കൗണ്‍സില്‍ തീരുമാനിച്ചത്. നാലു കോടിയോളം നഗരസഭക്ക് അടക്കേണ്ട സ്ഥാനത്ത് 68.47 ലക്ഷമാണ് അടച്ചത്. ഇതിന്റെ എസ്റ്റിമേറ്റ് നഗരസഭാ എന്‍ജിനിയറുടെ നേതൃത്വത്തില്‍ തയാറാക്കിയത് ഭരണസമിതിയുടെ അറിവോടെയാണ്. എസ്റ്റിമേറ്റ് തയാറാക്കി തുക അടച്ചത് നഗരസഭാ ചെയര്‍പേഴ്‌സന്റെ മുന്‍കൂര്‍ കത്തിന്റെ അടിസ്ഥാനത്തിലാണെന്നും പരാതിയില്‍ പറയുന്നു.
അതേസമയം ഭരണസമിതിയിലെ ചിലരുടെ ഒത്താശയോടെയാണ് സെക്രട്ടറി മുന്‍കൂര്‍ അനുമതി നല്‍കിയതെന്നും കോണ്‍ഗ്രസിലെ ചിലര്‍ക്ക് പങ്കുണ്ടെന്ന കാര്യം വ്യക്തമാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ മുനിസിപ്പല്‍ കമ്മിറ്റിയും രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."