ചീറിപ്പാഞ്ഞ് ഫയര്‍ എന്‍ജിനും ആംബുലന്‍സും; കാര്യമറിയാതെ പൊതുജനം വേറിട്ട മോക്ഡ്രിലുമായി ഫയര്‍ഫോഴ്സ്
നിലമ്പൂര്‍: സൈറണ്‍ മുഴക്കി അതിവേഗതയില്‍ ടൗണിലൂടെ ഫയര്‍ എന്‍ജിനും, തൊട്ടു പിറകെ ആംബുലന്‍സും, എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സിന്റെ വാഹനവും ചീറിപായുന്നത് കണ്ടതോടെ നിലമ്പൂര്‍ ടൗണിലെ ജനങ്ങള്‍ പരിഭ്രാന്തരായി. ബസ് സ്റ്റാന്‍ഡിനു സമീപത്തെ കെട്ടിടത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്നുപേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി എന്നായിരുന്നു സന്ദേശം. സ്ഫോടന ശബ്ദം കേട്ടവര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് ഓടി. ഫയര്മാന്മാരും എമര്‍ജന്‍സി റെസ്ക്യൂ അംഗങ്ങളും ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. മൂന്നാം നില കെട്ടിടത്തില്‍ നിന്നും പരുക്കേറ്റവരെ അതി സഹസികമായി കയറില്‍ തൂക്കിയും, കോണി ഉപയോഗിച്ചും നിലത്തേക്കിറക്കുന്നത് ജനം നോക്കി നിന്നു. ഉടനെ അടുത്ത സന്ദേശം. വീട്ടിക്കുത്ത് ജങ്ഷനില്‍ തീപിടിത്തം. അവിടേക്കും ഫയര്‍ എന്‍ജിനും മറ്റു വാഹനങ്ങളും ചീറിപ്പാഞ്ഞു. കൂടെ ജനങ്ങളും.
ദേശീയ അഗ്നിശമന ദിനത്തോടനുബന്ധിച്ച് നിലമ്പൂര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന്റെ അഭിമുഖ്യത്തില്‍ നിലമ്പൂര്‍ എമര്‍ജന്‍സി റസ്ക്യൂ ഫോഴ്സിന്റെ സഹകരണത്തോടെ വിവിധ സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി നടത്തിയ മോക്ഡ്രില്‍ ആണെന്നത് പിന്നീടാണ് ജനങ്ങള്‍ക്ക് മനസിലായത്. ഗ്യാസ് ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തുന്നത് എങ്ങനെയാണെന്ന് ബോധ്യപ്പെടുത്തുന്ന വിധത്തിലായിരുന്നു മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
തുടര്‍ന്ന് ഫയര്‍ സര്‍വിസ് റാലി നടത്തി. ബോധവല്കരണ ക്ലാസും ലഘുലേഖ വിതരണവും നടത്തി. ദിനാചരണ പരിപാടികള്‍ക്ക് നിലമ്പൂര്‍ ഫയര്സ്റ്റേഷന് ഓഫിസര്‍ എം. അബ്ദുല്‍ ഗഫൂര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ കെ. യൂസുഫലി, ഇ.എം ഷിന്റു, എം.വി അനൂപ്, വി. സുധീഷ്, എന്‍. മഹബൂബ്, വി.പി നിഷാദ്, എമര്‍ജന്‍സി റസ്ക്യൂ ഫോഴ്സ് അംഗങ്ങളായ ബിബിന്‍ പോള്‍, മജീദ് എന്നിവര്‍ നേതൃത്വം നല്കി. 20 വരെ നടക്കുന്ന വാരാഘോഷത്തിന്റെ ഭാഗമായി മമ്പാട് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നിലമ്പൂര്‍ ഫയര്‍ഫോഴ്സും എമര്‍ജന്‍സി റസ്ക്യൂ ഫോഴ്സും തമ്മിലുള്ള സൗഹൃദ ഫുട്ബോള്‍ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."