കടുത്ത സാമ്പത്തികമാന്ദ്യത്തില്‍ ഇറ്റലി
മിലാന്: കൊവിഡിനെ തുടര്‍ന്ന് സമ്പദ്വ്യവസ്ഥ തകര്‍ന്ന ഇറ്റലി നേരിടുന്നത് ലോകയുദ്ധാനന്തര കാലത്തെ ഏറ്റവും കഠിനമായ സാമ്പത്തിക മാന്ദ്യം. യൂറോപ്പിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായിരുന്ന ഇറ്റലി 2005 മാര്‍ച്ചിനു ശേഷമുള്ള വന്‍ തകര്‍ച്ച നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ വലുപ്പം പേടിപ്പിക്കുന്നതാണെന്ന് ചെറുകിട വ്യവസായ ഫെഡറേഷന് പറയുന്നു.
രോഗവും സാമ്പത്തിക അടിയന്തരാവസ്ഥയും വ്യാപാരരംഗത്തെ തൂത്തെറിഞ്ഞു. വിശേഷിച്ചും ഷോപ്പുകളിലും സേവന, ടൂറിസം രംഗങ്ങളിലും. സാമ്പത്തിക സഹായമെത്തിയില്ലെങ്കില്‍ മിക്ക ബിസിനസ് സ്ഥാപനങ്ങളും പൂട്ടേണ്ടിവരുമെന്നാണ് സംഘടന പറയുന്നത്. ബാങ്കുകള്‍ യഥാസമയം പ്രതികരിക്കുന്നില്ലെന്നും പരാതിയുണ്ട്. എന്നാല്‍ ഇതിനകം സര്‍ക്കാറിനു കീഴിലുള്ള കേന്ദ്ര ഗാരന്റീ ഫണ്ടിലേക്ക് 1,800 കോടി യൂറോയുടെ നാലുലക്ഷം വായ്പാ അപേക്ഷകള്‍ പാസാക്കിയതായി ബാങ്കുകള്‍ പറയുന്നു.യൂറോപ്പില്‍ ആദ്യമായി കൊവിഡ് എത്തിയ ഇറ്റലി രണ്ടുമാസം നീണ്ട കടുത്ത ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാണ് സാമ്പത്തികരംഗത്തെ തകര്‍ത്തത്. ഇതിന്റെ ഫലമായി രാജ്യത്തിന്റെ ജി.ഡി.പിയില്‍ 9-13 ശതമാനം തകര്‍ച്ചയുണ്ടായതായി ബാങ്ക് ഓഫ് ഇറ്റലി വെളിപ്പെടുത്തിയിരുന്നു. സമ്പദ്വ്യവസ്ഥയില് ഈവര്‍ഷം ആദ്യ പാദത്തില്‍ 5.3 ശതമാനം ഇടിവുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈവര്‍ഷം 17000 കോടി യൂറോയുടെ നഷ്ടമുണ്ടാവുമെന്നാണ് മെഡിയോബാന്സ പഠനത്തില്‍ പറയുന്നത്. ഇത് രാജ്യത്തെ മൂന്നാമത്തെ വലിയ വ്യവസായ നഗരമായ വെനെറ്റോയുടെ ജി.ഡി.പിയുടെ അത്രയും വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."