പി.വി അന്‍വര്‍ എം.എല്‍.എയുടെ വിവാദ പാര്‍ക്ക്: ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പഞ്ചായത്ത്
കൂടരഞ്ഞി: കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിന് ലൈസന്‍സ് പുതുക്കിനല്‍കില്ലെന്ന് പഞ്ചായത്ത്. നിലവിലുള്ള ലൈസന്‍സിന്റെ കാലാവധി ഇന്ന് അവസാനിക്കാന്‍ ഇരിക്കെയാണ് ലൈസന്‍സ് പുതുക്കിനല്‍കില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കിയത്. ലൈസന്‍സ് പുതുക്കിനല്‍കണമെന്ന പി.വി അന്‍വറിന്റെ അപേക്ഷ കുടരഞ്ഞി പഞ്ചായത്ത് അജന്‍ഡയില്‍ പോലുംവയ്ക്കാതെ തള്ളുകയായിരുന്നു.
നേരത്തെ പി.വി അന്‍വര്‍ എം.എല്‍.എയുടെ പേരിലുള്ള പാര്‍ക്ക് അനധികൃതമായി നിര്‍മിച്ചതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇവിടുത്തെ അനധികൃത നിര്‍മാണ പ്രവൃത്തികള്‍ക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എം.എല്‍.എയുടെ പേരിലുള്ള വാട്ടര്‍ തീം പാര്‍ക്കും തടയണയും കക്കാടംപൊയിലില്‍ വന്‍ദുരന്തത്തിന് ഇടയാക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോട് കലക്ടറേറ്റിനു മുന്‍പില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉറക്കസമരവും തുടങ്ങി.
അതേസമയം, ശാസ്ത്രീയ പഠനങ്ങള്‍ പോലും നടത്താതെ പാര്‍ക്ക് ദുരന്തസാധ്യതാ മേഖലയിലല്ലെന്നു കണ്ടെത്തി ജില്ലാ ഭരണകൂടം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പാര്‍ക്കിനു നിലവില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനാലും പാര്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തതിനാലും അപേക്ഷ ചര്‍ച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും അജന്‍ഡ നിശ്ചയിച്ചതിനു ശേഷമാണ് അപേക്ഷ കിട്ടിയതെന്നും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് 'സുപ്രഭാതത്തോ'ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."