ഫലവര്‍ഗങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കല്‍; ഒന്നാംഘട്ടം തൈവിതരണം പരിസ്ഥിതി ദിനത്തില്‍ ആരംഭിക്കും
കല്‍പ്പറ്റ: സംസ്ഥാനത്ത് ഫലവര്‍ഗങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച ഒരു കോടി തൈ നടീല്‍ പദ്ധതിയില്‍ ഒന്നാംഘട്ട തൈ വിതരണം പരിസ്ഥിതി ദിനത്തില്‍ ആരംഭിക്കും. രണ്ടാംഘട്ടം വിതരണം ജൂലൈ ആദ്യവാരം തുടങ്ങും. സെപ്റ്റംബറില്‍ നടീല്‍ പൂര്‍ത്തിയാക്കും. മാങ്ങ, ചക്ക, മാതളം, പാഷന്‍ഫ്രൂട്ട്, പനീര്‍ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരങ്ങ, മുരിങ്ങ, കറിവേപ്പ്, വാളന്‍പുളി, കൊടംപുളി, റമ്പൂട്ടാന്‍, കടച്ചക്ക, മാഗോസ്റ്റീന്‍, ചാമ്പക്ക, നേന്ത്രന്‍, ഞാലിപ്പൂവന്‍ തുടങ്ങി 21 ഇനം ഫലവര്‍ഗങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ചതാണ് പദ്ധതി.
കൃഷി, തദ്ദേശസ്വയംഭരണം, വിദ്യഭ്യാസം, വനംവകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വീട്ടുവളപ്പുകള്‍, പൊതുസ്ഥലങ്ങള്‍, പാതയോരങ്ങള്‍, സര്‍ക്കാര്‍ കെട്ടിട വളപ്പുകള്‍, സ്‌കൂള്‍ വളപ്പുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ എന്നിവരുടെയും സഹായത്തോടെയാണ് തൈകള്‍ നടുക.
കൃഷി വകുപ്പിന് കീഴിലുള്ള ഫാമുകള്‍, കാര്‍ഷിക കര്‍മസേന, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള, കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്നതില്‍ ഗ്രാഫ്റ്റ്, ലെയര്‍, ടിഷ്യൂ കള്‍ച്ചര്‍ ഒഴികെ ഫലവൃക്ഷത്തൈകള്‍ സൗജന്യമായാണ് പദ്ധതിയില്‍ വിതരണം ചെയ്യുന്നത്. ഗ്രാഫ്റ്റ്, ലെയര്‍, ടിഷ്യൂ കള്‍ച്ചര്‍ തൈകള്‍ക്കു വിലയുടെ 25 ശതമാനം ഈടാക്കും.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉല്‍പാദിപ്പിക്കുന്ന തൈകളുടെ വിതരണം പൂര്‍ണമായും സൗജന്യമാണെങ്കിലും ഗുണഭോക്തൃ കുടുംബം തൊഴില്‍ കാര്‍ഡുള്ള പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍പ്പെട്ടവരാകണം. ജില്ലാതലത്തില്‍ കലക്ടര്‍ അധ്യക്ഷനായി രൂപീകരിക്കുന്ന കമ്മിറ്റിക്കായിരിക്കും തൈവിതരണം, നടീല്‍, പരിപാലനം എന്നിവയുടെ ഏകോപന ചുമതല. തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് തൈ വിതരണപ്പട്ടിക തയാറാക്കേണ്ട ഉത്തരവാദിത്തം.
തദ്ദേശസ്ഥാപന തലത്തിലുള്ള കാര്‍ഷിക സമിതി തീരുമാനം അനുസരിച്ചായിരിക്കും പൊതു ഇടങ്ങളില്‍ തൈ നടീല്‍. പരിപാലനം തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ മുഖേന നടത്തും.
തദ്ദേശസ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന തൈകള്‍ കൃഷി ഓഫിസറുടെ ഉത്തരവാദിത്തത്തിലാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."