എസ്.എം.എഫ്, ജംഇയ്യത്തുല്‍ ഖുത്വബാ ജലകാംപയിന്‍ വെള്ളം സര്‍വ്വതില്‍ പ്രധാനം
ഭരണാധികാരിയായ ഹാറൂണ്‍ റഷീദിന്റെ സദസ്. ദാഹജലം കുടിക്കാനായി പാനപാത്രം വായിലേക്ക് വെക്കുകയാണ് ഹാറൂണ്‍ റഷീദ്. സദസിലുള്ള ജ്ഞാനിയായ ഇബ്‌നുസ്സമാക് (റ) തദവസരം ചോദിച്ചു: അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാനൊരു കാര്യം ചോദിക്കട്ടെ, ഈ പാനീയം നിങ്ങള്‍ക്ക് ലഭ്യമാകാതെ തടയപ്പെട്ടാല്‍ നിങ്ങളെന്ത് ചെയ്യും.
ഹാറൂണ്‍ റഷീദ്: ഈ രാജ്യത്തിന്റെ പകുതി പ്രതിഫലമായി നല്‍കി ഞാന്‍ വെള്ളം സ്വീകരിക്കും.
ഇബ്‌നുസ്സമാക്: എങ്കില്‍ നിങ്ങളത് കുടിക്കുക.
വെള്ളം കുടിച്ച ശേഷം അദ്ദേഹം വീണ്ടും ഹാറൂണ്‍ റഷീദിനോട് ചോദിച്ചു : നിങ്ങല്‍ കുടിച്ച ഈ പാനീയം മൂത്രമായി പുറത്തുപോകാതെ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ നിങ്ങളെന്ത് ചെയ്യും.
ഹാറൂണ്‍ റഷീദ്: രാജ്യം മുഴുവന്‍ നല്‍കി ഞാന്‍ അതിന് പ്രതിവിധി നേടും.
ഇബ്‌നുസ്സമാക് (റ) പറഞ്ഞു: ഒരു ഗ്ലാസ് ജലത്തിന്റെ വില പോലുമില്ലാത്ത ഈ രാജ്യാധികാരത്തിന് വേണ്ടിയാണോ നിങ്ങള്‍ മത്സരിക്കുന്നത്.
സ്വന്തം നാടും വീടും ഉപേക്ഷിച്ച് അതിതീക്ഷ്ണമായ പരീക്ഷണവുമായി നബി(സ)യും അനുയായികളും നടത്തിയ ഒരു സംഭാഷണം ഉദ്ധരിക്കപ്പെടുന്നു. നബി(സ) പറഞ്ഞു: പരലോകത്ത് അടിമയോട് അവന് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ സംബന്ധിച്ച് ചോദിക്കപ്പെടും. മഹ്മൂദ് ബിന്‍ ലബീദ് (റ) ചോദിച്ചു: അല്ലാഹു വിന്റെ ദൂതരെ, ശത്രുവിന്റെ വാള്‍ നമ്മുടെ ശിരസ്സിന് നേര്‍ക്ക് ഓങ്ങി നില്‍കുമ്പോള്‍ നാം ഏത് അനുഗ്രഹത്തെ കുറിച്ചാണ് ചോദ്യം ചെയ്യപ്പെടുക?.
തുടര്‍ന്ന് ഉമര്‍(റ) ചോദിച്ചു: വീടും സമ്പത്തുമെല്ലാം നഷ്ടപ്പെടുത്തി നാടുവിടേണ്ടി വന്ന നമ്മോട് ഏത് അനുഗ്രഹത്തെ കുറിച്ചാണ് അല്ലാഹു ചോദിക്കുക?
നബി(സ) പറഞ്ഞു: ഉഷ്ണസമയത്ത് നമുക്ക് ലഭിച്ച കുടിവെള്ളം, ചൂടിനെ തടുക്കുന്ന മരത്തിന്റെ തണല്‍. ഈ അനുഗ്രഹത്തിന് മറുപടി പറയേണ്ടി വരും.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'പ്രവാചകരെ പറയുക: ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ വെള്ളത്തിന്റെ ഉറവകള്‍ വറ്റിപ്പോയാല്‍ പിന്നെ നിങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ ആര്‍ക്ക് കഴിയും' (67: 29 )
വെള്ളം അമൂല്യമാണ്. ഇനിയൊരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിനുവേണ്ടി ആയിരിക്കും. ഇസ്‌റാഈല്‍ ലബനാനെ ആക്രമിച്ചത് ലിത്വാനി നദിയിലെ വെള്ളത്തിന് വേണ്ടിയാണ്. അമേരിക്ക ഇറാഖിനെ ആക്രമിച്ചതിന്റെ രണ്ടാം കാരണം യൂഫ്രട്ടീസിലെയും ടൈഗ്രീസിലെയും വെള്ളം ലക്ഷ്യം വച്ചുകൊണ്ടാണ്.
ഭൂമിയില്‍ കാണുന്ന 97 ശതമാനം ജലവും ഉപ്പു കലര്‍ന്ന ഉപയോഗശൂന്യമായ കടല്‍വെള്ളമാണ്. വെറും 3 ശതമാനമാണ് ശുദ്ധജലമായി ലോകത്തുള്ളത്. ഈ ശുദ്ധജലത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം മഞ്ഞുമലകളില്‍ ഘനീഭവിച്ച് കുടുങ്ങി കിടക്കുകയാണ്. ബാക്കി ഘനീഭവിക്കാത്ത ഭൂജലം മാത്രമാണ് നമുക്ക് കുടിക്കാനടക്കം ലഭിക്കുന്നത്. ഇതു തന്നെ കൂടുതലും മലിനീകരിക്കപ്പെടുകയും അമിതമായ ചൂടു കാരണം ഭൂമിയില്‍നിന്ന് ഭാഷ്പീകരിച്ച് കരയേക്കാള്‍ കൂടുതല്‍ കടലില്‍ മഴയായി പതിക്കുകയുമാണ്. ജലക്ഷാമത്തിന്റെ രൂക്ഷത വര്‍ധിക്കുന്ന ഘട്ടത്തില്‍ കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം വിതരണം ചെയ്യേണ്ടി വരുന്ന അവസ്ഥയില്‍ സമുദ്രങ്ങളുടെ അതിര്‍ത്തിക്ക്‌വേണ്ടി യുദ്ധം ആരംഭിക്കും. ദക്ഷിണ ചൈന കടലിന് വേണ്ടിയാണ് ഇപ്പോള്‍ തന്നെ വന്‍ശക്തികള്‍ തമ്മില്‍ തര്‍ക്കം നടന്നുകൊണ്ടിരിക്കുന്നത്.ജലത്തിന്റെ ലഭ്യത കുറയുന്നു എന്ന് മാത്രമല്ല അതിലടങ്ങിയ വിഷാംശങ്ങളുടെ അളവ് കൂടി വരുന്നത് ജലത്തിന്റെ സ്വാഭാവിക മൂല്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അമൂല്യമായ ജലത്തിന്റെ മൂല്യം കുറയാന്‍ തുടങ്ങിയതാണ് മലിനീകരണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ജലദുരന്തം. നാമുപയോഗിക്കുന്ന ജലത്തിന്റെ മൂല്യം തിട്ടപ്പെടുത്താന്‍ പറ്റാതായത് ജലത്തിന്റെ പ്രകൃതിദത്തമായ ജീവകണമുള്ളത് കൊണ്ടാണ്. അത് കൊണ്ടാണ് ജലം അമൂല്യമായത്.
കേരളത്തില്‍ മഴയുടെ ലഭ്യതയില്‍ വന്ന ക്രമാതീതമായ കുറവും ഭൂഗര്‍ഭജലത്തിന്റെ താഴ്ചയുമാണ് ജലദൗര്‍ബല്യത്തിന്റെയും വരള്‍ച്ചയുടെയും പ്രധാന കാരണങ്ങള്‍. കാലങ്ങള്‍ കഴിയുംതോറും മഴയുടെ ലഭ്യത കുറയുന്നു. പെട്ടെന്നുണ്ടാകുന്ന പ്രളയം ജലസംഭരണത്തിന് ആക്കം കൂട്ടുന്നുമില്ല. ഭൂഗര്‍ഭജലത്തിന്റെ തോതും നാള്‍ക്കുനാള്‍ ഉള്‍വലിയുകയാണ്. പഴയകാലത്ത് പറമ്പുകളില്‍ വരമ്പുകെട്ടിയും തൊടികളും തട്ടുകളും നിര്‍മിച്ചു വെള്ളം ഒലിച്ചുപോകാതെ തടഞ്ഞു നിര്‍ത്തി ഭൂമിയിലേക്ക് താഴ്ന്നിറങ്ങാന്‍ സംവിധാനങ്ങളൊരുക്കിയിരുന്നു.
വെള്ളം കെട്ടി നില്‍കേണ്ട പാടങ്ങളും ചതപ്പുനിലങ്ങളും നീര്‍ത്തടങ്ങളും നാം മണ്ണിട്ടുനികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതു. പെയ്തിറങ്ങുന്നതിന്റെ മുക്കാല്‍ ഭാഗവും ഒലിച്ചിറങ്ങി പോവുകയാണ്. സംസ്ഥാനത്തെ 40 ശതമാനം ജല സ്രോതസുകളും മലിനമാണ്. മനുഷ്യന്‍ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതകളും കൃത്യവിലോപങ്ങളും നിമിത്തം കാലാവസ്ഥ വ്യതിയാനവും മഴക്കുറവും വരള്‍ച്ചയും നമ്മുടെ ആവാസവ്യവസ്ഥ തന്നെ ഭീഷണിയായി മാറുകയും ജീവജാലങ്ങളുടെ ജീവഘടകമായ വെള്ളം ആവശ്യത്തിന് സംരക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന ഘട്ടം ബോധവല്‍ക്കരണം ശക്തമാക്കപ്പെടേണ്ടതുണ്ട്. ജീവന്റെ പ്രഥമഘട്ടവും ശരീരത്തിന്റെ ഭൂരിഭാഗവും വെള്ളമാണ്. ജീവന്‍ നിലനിര്‍ത്താന്‍ അല്ലാഹു പ്രകൃതിക്ക് നല്‍കിയ സംവിധാനങ്ങളെ പാഴാക്കാതെ സംരക്ഷിക്കാനുള്ള ബാധ്യത മനുഷ്യനുണ്ട്. ശാസ്ത്രീയവും പ്രകൃതിപരവുമായ ബോധവല്‍ക്കരണത്തേക്കാള്‍ ആത്മീയവും പരലോക മോക്ഷ പ്രാപ്തവുമായ അവബോധമാണ് സൃഷ്ടിക്കപ്പെണ്ടേത്.
ഖുര്‍ആന്‍ പറഞ്ഞു: 'ആകാശത്ത് നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങി നില്‍ക്കുന്ന താക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാണ് ' ( 23:18)
''മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചതുകാരണം കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു' അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ ഇത്. അവര്‍ ഒരുവേള മടങ്ങിയേക്കാം'' (30:41)
പരലോകത്ത് വെള്ളത്തിന് വേണ്ടിയാണ് നരകാവകാശികള്‍ സ്വര്‍ഗാവകാശികളോട് യാചിക്കുകയെന്ന് ഖുര്‍ആന്‍ പറയുന്നു: '
നരകാവകാശികള്‍ സ്വര്‍ഗാവകാശികളോട് വിളിച്ചു പറയും ഞങ്ങള്‍ക്ക് അല്പം വെള്ളമോ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍നിന്ന് അല്‍പമോ നിങ്ങള്‍ ചൊരിഞ്ഞ് തരണേ !' (7:50)
ജലദാനത്തിന് ഇസ്‌ലാമില്‍ മഹത്തായ പ്രതിഫലമുണ്ട്. സനദ് (റ) വില്‍നിന്ന്: മരണപ്പെട്ട ഉമ്മയുടെ പരലോക ഗുണത്തിന് ഏറ്റവും നല്ലത് എന്താണെന്ന് നബി (സ) യോട് ചോദിച്ചപ്പോള്‍ അവിടെന്ന് പറഞ്ഞു. കുടിവെള്ളം വിതരണം ചെയ്യുക. 'മദീനയില്‍ ഗഫാര്‍ വംശജനായ റൂമ എന്നയാളുടെ കിണര്‍ പ്രസിദ്ധമാണ്. മദീനയില്‍ ശക്തമായ ജലക്ഷാമമുണ്ടായപ്പോള്‍ ജനം പൊറുതിമുട്ടി. റൂമയുടെ കിണറിനെ (ബിഅറു റൂമ) ജനം ആശ്രയിക്കേണ്ടിവന്നു. അദ്ദേഹം വമ്പിച്ച വില വെള്ളത്തിന് ഈടാക്കി. നബി(സ) അദ്ദേഹത്തോടായി പറഞ്ഞു: 'സ്വര്‍ഗത്തില്‍ ഒരു നീര്‍ത്തടത്തിന് പകരമായി അത് ജനങ്ങള്‍ക്ക് സംഭാവന ചെയ്തുകൂടേ?'
'എനിക്കും എന്റെ കുടുംബത്തിനും മറ്റൊരു വരുമാനമാര്‍ഗം ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നബി(സ) നിരാശനായി. സംഭവം ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ) അറിഞ്ഞു. അദ്ദേഹം നബി(സ)യോട് ചോദിച്ചു :തിരുദൂതരേ ഞാനിത് വിലക്ക് വാങ്ങി ജനങ്ങള്‍ക്ക് നല്‍കിയാല്‍ അങ്ങ് പറഞ്ഞ സ്വര്‍ഗത്തിലെ നീര്‍ത്തടം എനിക്ക് ലഭിക്കുമോ? 'തീര്‍ച്ചയായും' പ്രവാചകന്‍ പ്രതികരിച്ചു. ഉസ്മാന്‍(റ) റൂമ ചോദിച്ച വില നല്‍കി കിണര്‍ വാങ്ങി ജനങ്ങള്‍ക്ക് നല്‍കി പ്രതിഫലം ഉറപ്പിച്ചു.
വെള്ളം അമിതമായി ചെലവഴിക്കുന്നത് കുറ്റകരമാണ്. സഅദ് (റ) അധികമായി മൂന്നില്‍ കൂടുതല്‍ അംഗശുദ്ധി വരുത്തുന്നത് നബി(സ) കണ്ടപ്പോള്‍ പറഞ്ഞു. താങ്കള്‍ വെള്ളം അമിതമായി ഉപയോഗിക്കരുത്. ഒഴുകുന്ന നദിയില്‍വച്ചാണ് അംഗശുദ്ധി വരുത്തുന്നതെന്നാല്‍ പോലും വെള്ളം അമിതമാക്കരുത്.
പള്ളികളില്‍ ടാപ്പ് തുറന്നിട്ട് അംഗശുദ്ധി വരുത്തുന്നവര്‍ ഓര്‍ക്കണം, ഒരവയവം കഴുകി മറ്റൊന്നിലേക്ക് പ്രവേശിക്കുന്ന ഘട്ടം വെള്ളം നഷ്ടപ്പെട്ട് പോകുന്നതിനെ. ക്ഷാമസമയത്ത് ഹൗളുകളെയാണ് ആശ്രയിക്കേണ്ടത്. ഹൗളിലെ ഉപയോഗശേഷിപ്പ് വെള്ളം കൃഷിക്കോ മറ്റോ ഉപയോഗപ്പെടുത്തണം.
ഭൗതിക ജീവിതത്തോടും സുഖ സൗകര്യങ്ങളോടുമുള്ള മനുഷ്യന്റെ ആര്‍ത്തി അവനെ പ്രകൃതിവിരുദ്ധനും സ്വാര്‍ത്ഥനുമാക്കി മാറ്റുകയാണ്. മനുഷ്യന്റെ സ്വാര്‍ത്ഥതക്കുള്ള പകരം വീട്ടലാണ് പ്രകൃതി ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നത്. എല്ലാ നന്മകളുടേയും നീരുറവകള്‍ വറ്റിവരണ്ട ആധുനികതയില്‍ കുടിനീര്‍ സംരക്ഷണവും ദാനവും സ്വന്തം ബാധ്യതയായി ഏറ്റെടുത്ത് പ്രകൃതിയോടും വരും തലമുറയോടും നാം നീതി ചെയ്യുക. മഹല്ല് ജമാഅത്തുകളും ഖത്തീബുമാരും ഇതിന് നേതൃത്വം നല്‍കണം. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഇന്റേയും ആഭിമുഖ്യത്തില്‍ ഈ ലോക ജലദിനമായ മാര്‍ച്ച് 22ന് വെള്ളിയാഴ്ച പള്ളികളില്‍ ബോധവല്‍ക്കരണവും കുടിവെള്ള പദ്ധതികളും നടത്തുകയാണ്.
(സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ
ജന. സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."